AGRICULTURE
ആഫ്രിക്കൻ ഒച്ചിൻ്റെ ആക്രമണം; സ്ഥലങ്ങൾ സന്ദർശിക്കുകയും പ്രതിരോധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്ത് വിദഗ്ദ്ധ സംഘം.

കോതമംഗലം: മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിൻ്റെ കടുത്ത ആക്രമണം ഉണ്ടായി എന്ന വിവരം കിട്ടിയതോടനുബന്ധിച്ചാണ് കാർഷിക സർവ്വകലാശാല ഓടക്കാലി സുഗന്ധതൈല – ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റൻ്റ് പ്രൊഫസറും, കോതമംഗലം കാർഷിക വിജ്ഞാന കേന്ദ്രം പ്രതിനിധിയുമായ ഡോ. കെ.തങ്കമണിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം രാമല്ലൂർ ഭാഗങ്ങളിലെ കൃഷിയിടങ്ങളിലെ ഒച്ചിൻ്റെ ആക്രമണം നേരിട്ടു വിലയിരുത്തി. കപ്പിലാം വീട്ടിൽ സാജുവിൻ്റെ വാഴക്കൃഷി, കാർമലൈറ്റ് കോൺവെൻ്റ് പരിസരത്തെ ചേന, മഞ്ഞൾ, വാഴ, പുഷ്പകൃഷി തുടങ്ങിയവയിലെല്ലാം ഒച്ചിൻ്റെ കടുത്ത ആക്രമണം കണ്ടെത്തി.
പ്രദേശത്തെ ജനങ്ങളെ മുഴുവൻ സംഘടിപ്പിച്ചുള്ള സംയോജിത നിയന്ത്രണ മാർഗ്ഗങ്ങളാണ് ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടത്. മുനിസിപ്പാലിറ്റിയുമായി ഒത്തു ചേർന്ന് തൊഴിലുറപ്പു മേഖല, സന്നദ്ധ സംഘടനകൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ,യുവജന സംഘടനകൾ തുടങ്ങിയവരെ ബന്ധപ്പെടുത്തി സാമൂഹിക അടിസ്ഥാനത്തിലുള്ള നിയന്ത്രണത്തിനാവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കുന്നതാണന്ന് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു അറിയിച്ചു. നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിൽ പ്രദേശത്തെ എല്ലാവരുടേയും സഹകരണം ഉണ്ടാവണമെന്നും, ഒച്ചിൻ്റെ സാന്നിദ്ധ്യം എവിടെ കണ്ടാലും ഉടൻ തന്നെ ബന്ധപ്പെട്ട കൃഷിഭവനിലോ ജനപ്രതിനിധികളെയോ അറിയിക്കണമെന്നും കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.
മുനിസിപ്പൽ കൗൺസിലർ അഡ്വ: ജോസ് വർഗ്ഗീസ്, ഓടാക്കാലി ഗവേഷണ കേന്ദ്രത്തിലെ ലാബ് അസിസ്റ്റൻറ് അബിൻസ് എസ് സിദ്ധിക്ക്, കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഇ.പി. സാജു തുടങ്ങിയവർ കൂടാതെ സമീപ പ്രദേശത്തെ കർഷകരും വിദഗ്ദ സംഘത്തോടൊപ്പം ചേർന്നു. സംഘം താഴെപ്പറയുന്ന നിർദേശങ്ങൾ നല്കി. തുടർച്ചയായി മഴയുള്ള ഈ സാഹചര്യത്തിൽ ഇതു വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്.
പ്രതിരോധ മാർഗ്ഗങ്ങൾ കൂട്ടായി ചെയ്യുന്നതു വഴിമാത്രം നിയന്ത്രണം സാധിക്കുകയുള്ളൂ.
ഈർപ്പവും തണലും കൂടുതലുള്ള സ്ഥലങ്ങളിലാണ് ഒച്ചുകൾ കൂട്ടത്തോടെ ഉണ്ടാവുക. തോട്ടം പരിപാലനവും കളനിയന്ത്രണവും കൃത്യമായി ചെയ്യേണ്ടതാണ്.
*മണ്ണിൽ മുട്ടയിടു പെരുകുന്നതു കൊണ്ടാണ് ഒച്ചുകൾ നിയന്ത്രണാതീതമായി വർദ്ധിക്കാൻ കാരണം. നന കുറയ്ക്കുകയും വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ ഒഴിവാക്കുകയും വേണം.
*സന്ധ്യ കഴിഞ്ഞ് പുറത്തു വരുന്ന ഇവയെ ശേഖരിച്ച് 20%. ഉപ്പുവെള്ളത്തിൽ (ഉപ്പ് 200 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ) ഇട്ടോ, 5% വീര്യമുള്ള ( 50 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ)
തുരിശ് ലായനിയിൽ ഇട്ടോ നശിപ്പിക്കേണ്ടതാണ്.
* നനഞ്ഞ ചണച്ചാക്കുകൾ ഇട്ട് അതിലേക്ക് ആകർഷിക്കപ്പെടുന്നവയെ ഉപ്പുവെള്ളം / തുരിശു ലായനി ഉപയോഗിച്ച് നശിപ്പിക്കാം. *കാബേജ് ഇല, പപ്പായ ഇല, തണ്ട്, പച്ചക്കറി അവശിഷ്ടങ്ങൾ തുടങ്ങിയവ നനഞ്ഞ ചണച്ചാക്കിലാക്കി ഒരു ദിവസം പുളിപ്പിച്ച ശേഷം അതിൽ ആകർഷിക്കപ്പെടുന്ന ഒച്ചുകളെ കൂട്ടായി ശേഖരിച്ച് നശിപ്പിക്കാം.
*മൺചട്ടിയിൽ 500 ഗ്രാം ഗോതമ്പുപൊടി, 200 ഗ്രാം ശർക്കര, 5 ഗ്രാം യീസ്റ്റ്, 25 ഗ്രാം തുരിശ് എന്നിവ കുറച്ച് വെള്ളം ചേർത്തിളക്കി കുഴമ്പു രൂപത്തിൽ ഒരു ദിവസം പുളിപ്പിച്ച ശേഷം വച്ചാൽ ഒച്ചുകൾ ഈ കെണിയിലേക്ക് ആകർഷിക്കപ്പെട്ട് ചത്തുപോവും. ഇതേ ലായനി മണ്ണിൽ ഒരടി ആഴത്തിൽ കുഴിയെടുത്ത് അതിൽ ഇടുകയും ചെയ്യാം.
*ഒരടി ആഴത്തിൽ കുഴിയെടുത്ത് അതിൽ ഒരു ദിവസം പുളിപ്പിച്ച പൈനാപ്പിൾ, പഴം, പപ്പായ അവശിഷ്ടങ്ങളും ശർക്കരയും യീസ്റ്റും ചേർത്ത് ഇട്ടാൽ ഒച്ചുകൾ ഇതിലേക്ക് ആകർഷിക്കപ്പെടുകയും രാവിലെ കുഴിയിൽ തുരിശിട്ട് ഒച്ചുകളെ നശിപ്പിക്കുകയും ചെയ്യാം.
*കൃഷിയിടത്തിനു ചുറ്റുമായി തുരിശു പൊടി, ബോറാക്സ് പൗഡർ, ബ്ലീച്ചിങ് പൗഡർ തുടങ്ങിയവ വിതറി ഒച്ചുകളെ അകറ്റി നിർത്താം.
* 2 % വീര്യത്തിൽ കാപ്പിപ്പൊടി വെളുത്തുള്ളി സത്ത്, ചെടികൾക്കു ചുറ്റും നനയാത്ത അറക്കപ്പൊടി, കുമ്മായം, ചാരം, തുരിശ്, സൂപ്പർ ഫോസ്ഫേറ്റ് വളം എന്നിവ ഇടുന്നതും ഒച്ചിനെ അകറ്റാൻ സഹായിക്കും.
*50 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി കൃഷിയിടത്തിനു ചുറ്റും ഒഴിക്കുന്നത് ഒച്ചുകൾ തോട്ടത്തിൽ കടക്കാതിരിക്കാൻ സഹായിക്കും.
*കോപ്പർ ഓക്സി ക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റർ എന്ന നിരക്കിൽ വെള്ളത്തിൽ കലക്കി തളിക്കാം. (വെള്ളരിവർഗ്ഗം, നെല്ല് എന്നിവയിൽ തളിക്കരുത്). പുകയില 30 ഗ്രാം ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ചത് 60 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചതുമായി ചേർത്ത് വിളകളിൽ തളിക്കാം.
*വേനൽക്കാലത്താണ് കെണി ഉപയോഗിച്ചുള്ള നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ഏറ്റവും എളുപ്പം. *അനിയന്ത്രിതമായ തോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാത്രം കൃഷിഭവനുമായി ബസപ്പെട്ട് രാസകീടനാശിനികൾ പ്രയോഗിക്കാവുന്നതാണ്. *പ്രദേശത്തെ ജനങ്ങളെ മുഴുവൻ സംഘടിപ്പിച്ചുള്ള സംയോജിത നിയന്ത്രണ മാർഗ്ഗങ്ങളാണ് ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടത്.
AGRICULTURE
പാർട്ടി പറഞ്ഞു, ചന്ദ്രബോസ് അനുസരിച്ചു: ഒരേക്കർ കൃഷിയിടത്തിൽ പച്ചക്കറികളുടെ വൻ വസന്തം.

കോതമംഗലം :പാർടി പറഞ്ഞു ,ചന്ദ്രബോസ് അനുസരിച്ചു, ഒരേക്കർ കൃഷിയിടത്തിൽ പച്ചക്കറികളുടെ വൻ വസന്തം.
സഖാക്കൾ ജൈവകൃഷി നടത്തണമെന്ന സിപിഐ എം നേതൃത്വത്തിന്റെ ആഹ്വാനം അതേപടി ഏറ്റെടുത്ത് വൈവിധ്യമാർന്ന ജൈവ കൃഷിയിൽ വീരഗാഥ രചിക്കുകയാണ് ഈ കർഷകൻ. എല്ലാ പച്ചക്കറി ഇനങ്ങളും നെല്ലിക്കുഴിയിലെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ കാണാം.പയറും, പാവലും പടവലവും, മുളകും, കോളിഫ്ളവും കാബേജും മത്തനും, കുമ്പളവും, തുടങ്ങിയ 15 ഓളം വരുന്ന എല്ലാ ഇനം പച്ചക്കറികളും ഇവിടെ സുലഭമായി വളരുന്നു.
പണിക്കാരെ കൂട്ടാതെ, കീടനാശിനികൾ ഒഴിവാക്കി സ്വന്തമായി കൃഷി ചെയ്ത് ശുദ്ധമായ പച്ചക്കറി ഉത്പാദനത്തിൽ മാതൃകയാകുകയാണ് ഈ കർഷകൻ. കെ ജി ചന്ദ്ര ബോസ് ഡിവൈഎഫ്ഐ യുടെ മുൻ ജില്ലാ ജോയിൻ്റ് സെക്രട്ടറിയും സി പി ഐ എമ്മിന്റെ കോതമംഗലം ഏരിയ കമ്മിറ്റി അംഗവുമാണ്.
കൃഷിത്തോട്ടത്തിലെ വിളവെടുപ്പ് ഉത്സവം കർഷക സംഘം സംസ്ഥാന ട്രഷററും ,കേരള ബാങ്ക് ചെയർമാനുമായ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം എ മുഹമ്മദ്, പഞ്ചായത്തംഗം ടി എം അബ്ദുൾ അസീസ്, സിപിഐ ഏരിയ കമ്മിറ്റി അംഗങ്ങളായ സഹിർ കോട്ടപ്പറമ്പിൽ , കെ പി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
AGRICULTURE
നാട്ടുകാരെ അത്ഭുതപ്പെടുത്തി പിണ്ടിമനയിൽ സവാള വസന്തം

പിണ്ടിമന : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ സവാള കൃഷി ചെയ്ത കർഷകന് മികച്ച വിളവ്. പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാർഡായ വേട്ടാംമ്പാറയിൽ ഇഞ്ചക്കുടി മൈതീൻ എന്ന കർഷകൻ ഇരുപത്തിയഞ്ച് സെന്റ് സ്വന്തം സ്ഥലത്ത് നടത്തിയ പരീക്ഷണമാണ് വിജയത്തിലെത്തിയത്. ബാക്കി വരുന്ന ഒന്നരയേക്കർ സ്ഥലത്ത് ക്യാരറ്റ്, കുക്കുമ്പർ, പയർ തുടങ്ങീ കൃഷികളും ചെയ്തു വരുന്നു. ശീതകാലകാല പച്ചക്കറികളായ കാബേജ്, വെളുത്തുള്ളി, ക്യാരറ്റ്, കോളിഫ്ളവർ തുടങ്ങിയ കൃഷി ചെയ്ത് കൃഷി വകുപ്പിന്റെ ജില്ലയിലെ മികച്ച കർഷകനായി കഴിഞ്ഞവർഷം ഈ കർഷകനെ തെരെഞ്ഞെടുത്തിരുന്നു.കൃഷിയിടത്തിൽ നടന്ന സവാളയുടെയും, ക്യാരറ്റിന്റേയും വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെയ്സൺ ദാനിയേൽ , സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സിബി പോൾ, മേരി പീറ്റർ പഞ്ചായത്തംഗങ്ങളായ സിജി ആന്റണി, ലത ഷാജി, ലാലി ജോയി, കൃഷി ഓഫീസർ ഇ.എം.മനോജ് ,കൃഷി അസിസ്റ്റന്റുമാരായ ഇ.പി.സാജു, വി.കെ. ജിൻസ് , കർഷകനായ ഇഞ്ചക്കൂടി മൈതീൻ രാധാ മോഹനൻ , ബിനോയി മാളിയേലിൽ എന്നിവർ പങ്കെടുത്തു.
വിവിധ കൃഷികൾ ചെയ്ത മാതൃകാ പ്രവർത്തനം നടത്തുന്ന കർഷകനെ കൃഷിയിടത്തിൽ വച്ച് കൃഷിഭവനു വേണ്ടി പ്രസിഡന്റ് ജെസ്സി സാജു പൊന്നാട നൽകി ആദരിച്ചു. മനസ്സ് വച്ചാൽ എന്തും നമ്മുടെ മണ്ണിൽ വിളയിക്കാൻ കഴിയുമെന്ന സന്ദേശവുമായി പിണ്ടിമന കൃഷിഭവൻ നടത്തുന്ന പരീക്ഷണ അടിസ്ഥാനത്തിലുള്ള വിവിധ കൃഷികൾ ഇതിനോടകം തന്നെ വിജയം നേടിയിട്ടുണ്ട്.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
AGRICULTURE
തേനീച്ച കൃഷിയിലും വിജയം കൈവരിച്ചു സമ്മിശ്ര കർഷകൻ കൂടിയായ പോലീസുകാരൻ

കോതമംഗലം :- കോതമംഗലത്ത് സമ്മിശ്ര കൃഷിയിലൂടെ ശ്രദ്ധേയനായ പോലീസ് ഉദ്യോഗസ്ഥൻ്റെ തേനീച്ച കൃഷിയുടെ വിളവെടുപ്പ് ഉത്സവം കെങ്കേമമാക്കി സഹപ്രവർത്തകരും നാട്ടുകാരും. പല്ലാരിമംഗലം പഞ്ചായത്തിലെ മടിയൂരിലാണ് പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദിൻ്റെ വീടും കൃഷിസ്ഥലവും. സമ്മിശ്ര കർഷകനായ മുഹമ്മദ് നിരവധി വ്യത്യസ്തങ്ങളായ കൃഷികളാണ് പരീക്ഷിച്ച് വരുന്നത്. സമ്മിശ്ര കൃഷിയുടെ ഭാഗമായി മുഹമ്മദ് തൻ്റെ റബർ തോട്ടത്തിലൊരുക്കിയ തേനീച്ചപ്പെട്ടികളിൽ നൂറുമേനിയാണ് ഉത്പാദനം നടന്നത്. കൃഷി പരിപാലനവും വിളവെടുപ്പു മെല്ലാം പോലീസ് ജോലി കഴിഞ്ഞുള്ള ഇടവേളകളിലാണ് മുഹമ്മദ് സമയം കണ്ടെത്തുന്നത്.
തേനീച്ച കൃഷിയുടെ വിളവെടുപ്പ് ഊന്നുകൽ പോലീസ് സബ് ഇൻസ്പെക്ടർ സിദ്ധിഖ് KP ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അബൂബക്കർ മാങ്കുളം മുഖ്യാതിഥിയായിരുന്നു. കാർഷികരംഗത്ത് മുഹമ്മദ് നടത്തി വരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ പോലീസ് സേനക്ക് തന്നെ പ്രചോദനവും അഭിമാനവുമാണെന്ന് സഹപ്രവർത്തകനും ഊന്നുകൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുമായ സിദ്ധിഖ് പറഞ്ഞു. മാനസികോല്ലാസത്തിന് വേണ്ടിയാണ് കൃഷി ചെയ്യുന്നതെന്നും എല്ലാവരും കൃഷി ചെയ്യാൻ രംഗത്തുവരണമെന്നും മുഹമ്മദ് പറഞ്ഞു.
-
ACCIDENT5 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT7 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
CRIME3 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS3 hours ago
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം
-
NEWS2 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
NEWS4 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME5 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു