കോതമംഗലം:പരതസ്ഥിതി ലോലപ്രദേശവും തട്ടേക്കാട് പക്ഷിസങ്കേതവും പഠിക്കുന്നതിനും തെളിവെടുപ്പിനുമായി നിശ്ചയിച്ചിട്ടുളള കമ്മീഷൻ സമഗ്ര സർവ്വേയും കർഷക സംഘടകളുമായി ചർച്ചയും നടത്താതെ അന്തിമ തീരുമാനം എടുക്കരുതെന്ന് യുഡിഎഫ് അനുകൂല കർഷക കൂട്ടായ് അവശ്യപ്പെട്ടു.
വിവിധ കർഷക സംഘടനകളുടെ നിരന്തര സമരങ്ങളുടെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം കമ്മീഷനെ വച്ചിട്ടുളത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ കർഷകർ സംഘടിപ്പിച്ചിട്ടുളള സമരങ്ങളിൽ അയവ് ഉണ്ടാക്കാനുളള ചെപ്പടിവിദ്യയായി കമ്മീഷനെ ഉപയോഗിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുളളതെങ്കിൽ സിൽവർ ലൈൻ മോഡൽ സമരത്തെ നേരിടേണ്ടിവരുമെന്ന് കർഷക കൂട്ടായ്മ അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കി.
വലിയ തോതിൽ വർദ്ധിപ്പിച്ചിട്ടുള്ള വൈദ്യുതി നിരക്ക് കർഷകരെ നേരിട്ട് ബാധിക്കുന്നതിനാൽ നിരക്ക് വർദ്ധന പിൻവലിണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
കർഷക കൂട്ടായ്മ രക്ഷാധികാരി ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിന്റ് ജയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി.ജോർജജ് പ്രമേയം അവതരിപ്പിച്ചു.
എം.എം.അബ്ദുൽ റഹിമാൻ, എ.സി.രാജശേഖരൻ, സി.പി ജോസ്, കെ.ഇ. കാസിം, എം.എം.അഷ്റഫ്, എം.സി. അയ്യപ്പൻ, ജോസ് തൊടുമേൽ, ജോസ് കൈതമന,പി.എം.ഹസ്സൻ, കെ എം.ഷംസുദ്ദീൻ, എന്നിവർ പ്രസംഗിച്ചു.