കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി, തണ്ട് ഭാഗത്ത് ജനവാസ മേഖലയിൽ പുലർച്ചെ ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. നിരന്തരം ആനശല്യമുള്ള പ്രദേശമാണ് പൂയംകുട്ടി, തണ്ട് പ്രദേശം. വന്യമൃഗശല്യം രൂക്ഷമായതോടെ നിരവധി കുടുംബങ്ങളാണ് ഇവിടെ നിന്നും വീടും സ്ഥലവും ഉപേക്ഷിച്ച് ജീവനും കൊണ്ട് രക്ഷപ്പെട്ടത്.
ഫെൻസിംഗ് തകർത്ത് ഇന്ന് വെളുപ്പിനെയെത്തിയ കാട്ടാനക്കൂട്ടം കാക്കനാട്ട് റോയിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്ന ഫെൻസിംഗും, കയ്യാലയും തകർത്തെറിഞ്ഞു. വാഴ, റബ്ബർ, കൊക്കോ, കുരുമുളക് തുടങ്ങിയവക്ക് നാശം വരുത്തി.
തൻ്റെ ഒരു വർഷത്തെ അധ്വാനം മുഴുവൻ പാഴായിപ്പോയെന്ന് കൃഷിയുടമ റോയി പറഞ്ഞു.