കോതമംഗലം : റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്കിൻ്റെയും, സെൻ്റ് ജോസഫ് (ധർമ്മഗിരി) ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കോവിഡ് 19 പ്രതിരോധ ബോധവത്ക്കരണം നടത്തി. ബോധവത്ക്കരണത്തിൻ്റെ ഭാഗമായി മാസ്കുകൾ, ലഘുലേഖകൾ, സാനിറ്ററൈസുകൾ എന്നിവ വിതരണം ചെയ്തു. ധർമ്മഗിരി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ചെറിയപള്ളിത്താഴം ഓട്ടോസ്റ്റാൻഡ് മുതൽ കോതമംഗലം താലൂക്ക് ആശുപത്രി ജംഗ്ഷൻ വരെ നടന്ന് വിതരണം നടത്തി. വിതരണത്തിൻ്റെ ഉദ്ഘാടനം സെൻ്റ് ജോസഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അഭയ നിർവ്വഹിച്ചു.
ആഗോള മഹാമാരി കോവിഡിനെ പ്രതിരോധിക്കുന്നതിന് കേന്ദ്ര, സംസ്ഥാന ഗവണ്മെൻറുകളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഞായറാഴ്ച നടക്കുന്ന ജനതാ കർഫ്യൂ വിൽ എല്ലാവരും സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ അദ്ധ്യക്ഷത വഹിച്ചു.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ജലി, ഡോ ബേബി മാത്യു, റെഡ് ക്രോസ് എറണാകുളം ജില്ല ചെയർമാൻ ജോയി പോൾ, ധർമ്മഗിരി ഹോസ്പിറ്റൽ സെക്രട്ടറി അഡ്വ.മാത്യു ജോസഫ്, അഡ്വ.രാജേഷ് രാജൻ, ലോറൻസ് എബ്രഹാം, ബിനോയി തോമസ്, എൽദോ പി.വി, എ.ഒ വർഗീസ്, ജോസ് പുന്നക്കൽ, സിസ്റ്റർ ജോസ്മി എന്നിവർ നേതൃത്യം നല്കി.