കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് ശാസ്ത്ര വിഭാഗങ്ങൾ ചേർന്ന് സയൻസ് ആൻഡ് ടെക്‌നോളജി ഓഫ് അഡ്വാൻസ്ഡ് മെറ്റീരിയൽസ് (സ്റ്റാം-2020) ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന്റെ് രണ്ടാം ദിവസം അക്കാദമിക – വ്യവസായ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച നിരവധി പ്രതിഭകളുമായി സംവദിക്കാനുള്ള അവസരം ഉണ്ടായി. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ ശാസ്ത്രജ്ഞരും യുവ ഗവേഷകരും സമ്മേളനത്തിൽ പങ്കെടുത്തു. 150 ശാസ്ത്ര പ്രബന്ധങ്ങൾ 5 വിഷയ മേഖലകളിലായി അവതരിപ്പിച്ചു. തെരെഞ്ഞെടുത്ത 50 പ്രബന്ധങ്ങൾ നെതർലൻഡ്സ് എൽസ് വെയറിന്റെ മെറ്റീരിയൽ ടുഡേ പ്രൊസീഡിങ്സ്, 75 പ്രബന്ധങ്ങൾ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് എന്നിവയിൽ പ്രത്യേക വാല്യമായി പ്രസിദ്ധീകരിക്കും. ഐ.എസ്. ബി. നമ്പറോടുകൂടിയുള്ള പ്രബന്ധ സംഗ്രഹം സമ്മേളനത്തിൽ പ്രസിദ്ധപ്പെടുത്തി.
ഓർഗാനിക് ലൈറ്റ് എമിറ്റിംഗ് ഡയോഡുകളെയും (ഒ.എൽ.ഇ.ഡി) ഈ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന വസ്തുക്കളെയും കുറിച്ചുള്ള വിശദമായ പ്രഭാഷണം പ്രൊഫ. ഡോ. ജൂസാസ് വിദാസ് ഗ്രാസുലേവിസിയസ്, കൗനാസ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, ലിത്വാനിയ നടത്തി. കോട്ടൺ വസ്ത്രങ്ങളിൽ തീ പിടിക്കുന്നത് തടയുന്നതിനായി ചേർക്കാവുന്ന പോളിഅമിഡോഅമീന്റെ ഉത്പാദനവും പഠനവുമാണ് പ്രൊഫ. ഡോ. പൗലോ ഫെറുറ്റി, പ്രൊഫ. ഡോ. എലിസബേറ്റ റാണുകി, യൂണിവേഴ്സിറ്റി ഓഫ് മിലാൻ, ഇറ്റലി നടത്തിയത്.
സുപ്രാമോളികുലാർ പോളിമറുകൾ മികച്ച സാദ്ധ്യതകളുള്ള നാനോ സ്കെയിൽ മെറ്റീരിയലുകളാണ്. രണ്ട് വ്യത്യസ്ത ഘടനകളുള്ള സുപ്രാമോളികുലാർ പോളിമറുകളുടെ ഉത്പ്പാദനവും ഗുണവ്യത്യസ്തതയും പ്രൊഫ. ഡോ. ഷിക്കി യാഗായ്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ പ്രോമിനന്റെ് റിസർച്ച്, ചിബ യൂണിവേഴ്സിറ്റി, ജപ്പാൻ വിശദീകരിച്ചു. അനുകൂല ഗുണങ്ങൾ ഉള്ളതിനാൽ കൈറ്റോസാൻ, മരുന്ന് ഫോർമുലേഷനുകളിൽ ഒരു ഫാർമസ്യൂട്ടിക്കൽ എക്‌സിപിയൻറ് ആയും ഉപയോഗിക്കാമെന്ന് വിശദമായ പഠനത്തിന് ശേഷം പ്രൊഫ. ഡോ. ജാക്വസ് ഡെസ്ബ്രീസ്, യൂണിവേഴ്സിറ്റി ഓഫ് പൗ ആൻഡ് പേസ് അഡോർ (യു.പി.പി.എ), ഫ്രാൻസ് സമർത്ഥിച്ചു.
നാനോ ടെക്നോളജിയുടെ ഏറ്റവും നല്ല സാമൂഹിക ഉപയോഗങ്ങളിലൊന്ന് നാനോമെഡിസിൻ മേഖലയിലാണ്. ശരീരത്തിൽ മെച്ചപ്പെട്ടതായ മരുന്ന് വ്യാപന സംവിധാനങ്ങളുടെ ലഭ്യത വലിയ ശാസ്ത്രീയ താൽപ്പര്യമുള്ളവയാണ്. കാൻസർ ചികിത്സയ്ക്കും ഹൃദ്രോഗം, പ്രമേഹം, മറ്റ് രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സകൾക്കും നാനോ ടെക്നോളജി പ്രതീക്ഷ നൽകുന്നു. വ്യക്തിഗത ആരോഗ്യ പരിരക്ഷ, യുക്തിസഹമായ മരുന്ന് രൂപകൽപ്പന, ടാർഗെറ്റുചെയ്‌ത മരുന്ന് എന്നിവയാണ് നാനോമെഡിസിൻ അധിഷ്ഠിത സമീപനത്തിന്റെ പ്രയോജനങ്ങൾ എന്ന് ഡോ. റോയ് ജോസഫ്, സയന്റെിസ്റ്റ് ജി, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം അവകാശപ്പെടുന്നു.
ഇലക്ട്രോകെമിക്കൽ ഉപകരണങ്ങളായ ഇന്ധന സെല്ലുകൾ, ബാറ്ററികൾ, സൂപ്പർകപ്പാസിറ്ററുകൾ എന്നിവ ഫോസിൽ ഇന്ധന, കൽക്കരി അധിഷ്ഠിത ഊർജ്ജ സംവിധാനങ്ങൾക്കുള്ള ബദലായി കണക്കാക്കപ്പെടുന്നു. ഈ സംവിധാനങ്ങളുടെ രൂപകൽപ്പനയിൽ ഈയിടെ കാര്യമായ സാങ്കേതിക മുന്നേറ്റങ്ങൾ കൈവരിച്ചിട്ടുണ്ട്. കൂടാതെ ഇലക്ട്രോഡ് മെറ്റീരിയലുകളുടെ ഘടനാപരവും പ്രവർത്തനപരവുമായ സവിശേഷതകൾ നിയന്ത്രിക്കുന്നതിനും ആധുനിക ശാസ്ത്രത്തിന് സാധിക്കുന്നു. ഹൈഡ്രജൻ എനർജി സിസ്റ്റങ്ങളുടെ വർദ്ധിച്ചുവരുന്ന മുന്നേറ്റം കണക്കിലെടുക്കുമ്പോൾ ഇലക്ട്രോകെമിക്കൽ ഹൈഡ്രജൻ ഉൽപാദനത്തിനും പരിവർത്തനത്തിനുമുള്ള മെറ്റീരിയലുകളുടെയും സിസ്റ്റങ്ങളുടെയും വികസനത്തിൽ ശാസ്ത്രലോകം ഏറെ ശ്രദ്ധിക്കുന്നു എന്ന് ഡോ. ശ്രീകുമാർ കുരുങ്ങോട്ട്, പ്രിൻസിപ്പൽ സയന്റെിസ്റ്റ്, നാഷണൽ കെമിക്കൽ ലബോറട്ടറി, പൂനെ അവകാശപ്പെട്ടു.
You must be logged in to post a comment Login