കോതമംഗലം: കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും ഗ്രാമീണ,മലയോര ആദിവാസി മേഖലകളിലേക്കുള്ള ട്രിപ്പുകൾ മുടക്കം വരാതെ സർവ്വീസ് നടത്തുവാൻ നടപടി സ്വീകരിക്കുമെന്ന് ബഹു:ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു:ഗതാഗത വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോതമംഗലം മണ്ഡലത്തിലെ ഗ്രാമീണ മേഖലയായ നെല്ലിമറ്റം – വാളാച്ചിറ,നാടുകാണി – പെരുമണ്ണൂർ അടക്കമുള്ള പ്രദേശങ്ങളിലേക്കും,മറ്റ് മലയോര ആദിവാസി മേഖലകളിലേക്കുമടക്കമുള്ള ചില സർവ്വീസുകൾ റദ്ദ് ചെയ്തത് പുനരാരംഭിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. പ്രസ്തുത മേഖലകൾ പലതും കെ എസ് ആർ ടി സിയെ മാത്രം ആശ്രയിക്കുന്ന മേഖലകളാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ കെ എസ് ആർ ടി സിയെ മാത്രം ആശ്രയിക്കുന്ന 100 കണക്കിന് യാത്രക്കാർക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ട് പരിഹരിക്കണമെന്നും, ഇതിനു വേണ്ടി ഈ മേഖലകളിൽ നിർത്തലാക്കിയ സർവ്വീസ് പുനരാരംഭിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കെ എസ് ആർ ടി സി യിൽ ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സമഗ്ര പുനരുദ്ധാരണ നടപടികൾ സ്വീകരിച്ച് വരുന്നതായും യാത്രക്കാർ തീരെ കുറവുള്ളതും, വരുമാനം കുറവുള്ളതും നടത്തിപ്പ് ചെലവിനു പോലും വരുമാനം ലഭ്യമാകാത്തതുമായ ചില സർവ്വീസുകൾ/ട്രിപ്പുകൾ പുനർ ക്രമീകരിക്കുകയോ, താൽക്കാലികമായി റദ്ദ് ചെയ്യുകയോ ഉണ്ടായിട്ടുണ്ടെന്നും, അതിൽ ചില സർവ്വീസുകൾ പുനരാരംഭിച്ചതായും യാത്രക്കാർക്കും, കോർപ്പറേഷനും ഗുണകരമാകുന്ന തരത്തിൽ ട്രിപ്പുകൾ ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമെന്നും ബഹു: മന്ത്രി എംഎൽഎയെ നിയമ സഭയിൽ അറിയിച്ചു.
You must be logged in to post a comment Login