കോതമംഗലം: കനത്തമഴയില്‍ നെല്ലിക്കുഴി ടൗണില്‍ ഉണ്ടായ രൂക്ഷമായ വെള്ളക്കെട്ട് ഗതാഗത തടസം സൃഷ്ടിച്ചു. കോതമംഗലം- പെരുമ്പാവൂര്‍ റോഡിൽ നെല്ലിക്കുഴിയില്‍ ഇന്നലെ വൈകിട്ട് പെയ്ത മഴയിലാണ് റോഡ് തോടായത്. റോഡിന് ഇരുവശത്തെയും ഓടകള്‍ മാലിന്യം നിറഞ്ഞ് അടഞ്ഞതാണ് കാരണമെന്ന് പറയുന്നു.
വെള്ളക്കെട്ടിലൂടെ വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോഴുണ്ടാകുന്ന ഓളത്തില്‍ നിരവധി ഇരുചക്രവാഹനങ്ങള്‍ ഓട്ടം നിലച്ച് വെള്ളത്തിലായി. കോടികള്‍ മുടക്കി വീതികൂട്ടി നവീകരിച്ച ഓടയില്‍ മാലിന്യം കെട്ടിക്കിടന്നാണ് ഒഴുക്ക് തടസപ്പെട്ടത്. ടൗണില്‍ 200 മീറ്ററോളം ഭാഗത്ത് പെയ്ത്ത് വെള്ളം മുഴുവന്‍ റോഡിലായതോടെ ഒന്നര മണിക്കൂറോളം ടൗണിലൂടെയുള്ള ഗതാഗതത്തെ സാരമായി ബാധിച്ചു. മഴ മാറി കുറെ നേരം പിന്നിട്ടാണ് വെള്ളം ഇറങ്ങി പൂര്‍വസ്ഥിതിയിലായത്. കോതമംഗലം താലൂക്ക് ആശുപത്രിക്ക് മുന്നിലും കഴിഞ്ഞ ദിവസം സമാന രീതിയിൽ വെള്ളക്കെട്ട് ഉണ്ടായി.



























































