കോതമംഗലം : നടക്കുവാൻ ശേഷിയില്ലാത്ത ഒരു കുട്ടിക്ക് വീൽ ചെയർ സമ്മാനിക്കുവാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ചാത്തമറ്റം എൻ എസ് എസ് യൂണിറ്റിലെ വോളന്റിയെഴ്സ്.
ചാത്തമറ്റം കാക്കത്തോട്ടത്തിൽ ഷാജുവിന്റെ മകൻ ബേസിലിനാണ് വീൽ ചെയർ സമ്മാനിച്ചത്. പോളിയോ ബാധിച്ച ബേസിലിനു മാതാപിതാക്കളുടെ സഹായമില്ലാതെ ബാത്റൂമിൽ പോകുവാൻ പോലും ശേഷിയില്ല. മാതാവാണ് അവനെ സദാ സമയവും ശുശ്രുഷിക്കുന്നത്. പത്തൊൻപത് വയസ്സുകാരനായ പുത്രനെ ഇപ്പോഴും വാരിയെടുത്തു ബുദ്ധിമുട്ടിയാണ് ‘അമ്മ എല്ലാ കാര്യങ്ങളിലും സഹായിക്കുന്നത്. പുറത്തെ കാഴ്ചകൾ കാണാനും ദൈനംദിന ജീവിതചര്യകൾക്കും വലിയൊരു സഹായമാണ് ഈ വീൽ ചെയർ എന്ന് നിറകണ്ണുകളോടെ ആ മാതാവ് പറഞ്ഞത്, വോളന്റിയെഴ്സിന്റെയും അധ്യാപകരുടെയും കണ്ണ് നനയിച്ചു. പ്രിൻസിപ്പൽ ഉണ്ണികൃഷ്ണൻ ജി യും വോളന്റിയേഴ്സ് ലീഡേഴ്സ് ആയ അഭിജിത്, മാളവിക, മാധവ്, അന്ന എന്നിവർ ചേർന്നാണ് വീൽ ചെയർ കൈമാറിയത്. പ്രോഗ്രാം ഓഫീസർ സിജിമോൾ, ഹെഡ്മിസ്ട്രെസ് റെമി ജോർജ്, വാർഡ് മെമ്പർമാരായ സാറാമ്മ പൗലോസ്, റെജി സാന്റി എന്നിവരും ഈ ധന്യ മുഹൂർത്തത്തിൽ പങ്കാളികളായി.



























































