കോതമംഗലം : 12.65 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കോതമംഗലം മണ്ഡലത്തിലെ ഏറ്റവും വലിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ആവോലിച്ചാലിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു പടപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു.
ആവോലിച്ചാലിൽ നിന്ന് പെരിയാറിലെ വെള്ളം റീ ലിഫ്റ്റ് ചെയ്ത് പേരകുത്ത് തോട്ടിൽ എത്തിയ്ക്കുകയും അവിടെ നിന്നും കോതമംഗലം നദിയിലേക്ക് ജല ലഭ്യത ഉറപ്പുവരുത്തുന്നതാണ് പ്രസ്തുത പദ്ധതി.
വാട്ടർ അതോറിറ്റിയുടെ അധീനതയിൽ ഉള്ള ആവോലിച്ചാൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിനോട് ചേർന്ന് പമ്പ് ഹൗസ് നിർമ്മിച്ച് പമ്പ് സെറ്റുകൾ ഉപയോഗിച്ച് പെരിയാറിൽ നിന്നും പൈപ്പിലൂടെ ജലം പമ്പ് ചെയ്ത് പേരക്കുത്ത് തോട്ടിൽ എത്തുന്ന നിലയിലാണ് പ്രസ്തുത പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി എന്നത് സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളുടെ സംയുക്ത ഏകോപനത്തോടെയാണ് ടി പദ്ധതി നടപ്പിലാക്കുന്നത്.
പെരിയാർ നദിയിൽ നിന്നും വെള്ളം പമ്പ് ചെയ്ത് പേരക്കുത്ത് തോട് വരെ 1550 മീറ്റർ ദൂരത്തിൽ പൈപ്പിലൂടെയും,പിന്നീട് പേരക്കുത്ത് പരീക്കണ്ണി തോട്ടിലൂടെ ഒഴുകി കോതമംഗലം പുഴയിൽ ജലമെത്തിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
487 ഹെക്ടർ സ്ഥലം ഈ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലൂടെ കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ളത്തിനുമായി ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്നു. പദ്ധതിയിലൂടെ കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിലേയും കോതമംഗലം മുനിസിപ്പാലിറ്റിയിലേയും വേനൽക്കാലത്തുണ്ടാകുന്ന ജല ദൌർലഭ്യം പരിഹരിച്ച് കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ളത്തിനുമായി ടി പദ്ധതി ഉപയോഗപ്പെടുത്തുവാൻ സാധിക്കും.നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പേരക്കുത്ത്-പരീക്കണ്ണി തോട്ടിൽ നിലവിലുള്ളതും കേടുപാടുകൾ സംഭവിച്ചതുമായ തടിക്കുളം, വെള്ളാമക്കുത്ത്, റാത്തപ്പിള്ളി, പണിക്കൻകുത്ത്. ഒലിയൻചിറ എന്നീ ചെക്ക് ഡാമുകളും പദ്ധതിയുടെ ഭാഗമായി പുനർനിർമ്മിക്കും. കേടുപാടുകൾ പരിഹരിച്ചും ടി തോട്ടിലെ ജല ലഭ്യത ഉറപ്പുവരുത്തി വേനൽ കാലത്ത് പേരക്കുത്ത് തോട്ടിൽ ജലലഭ്യത ഉറപ്പു വരുത്തുന്നതിനും കാർഷികാവശ്യത്തിനും ഈ പദ്ധതി പ്രയോജനകരമാകും.വേനൽ കാലത്ത് പൂർണ്ണമായും കോതമംഗലം പുഴയിൽ ജലലഭ്യത ഉറപ്പാക്കാനും പദ്ധതി കൊണ്ട് സാധിക്കും.
ടി പദ്ധതിയുടെ പമ്പ് ഹൗസ് നിർമ്മാണത്തിനാവശ്യമായ സ്ഥലം കേരള വാട്ടർ അതോറിറ്റിയിൽ നിന്നും ലഭ്യമായിട്ടുള്ളതാണ്. കൂടാതെ ടി പദ്ധതിയുടെ ഭാഗമായി ആവോലിച്ചാൽ – ഊന്നുകൽ PWD റോഡിൻ്റെ വശങ്ങളിലൂടെയും വനത്തിലൂടെയും പൈപ്പ് സ്ഥാപിക്കുന്നതിന് ഇരു വകുപ്പുകളിൽ നിന്നും അനുമതി ലഭ്യമായിട്ടുണ്ട്.
ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വെള്ളാമക്കുത്ത് ചെക്ക് ഡാമിൻ്റെ പുനർ നിർമ്മാണവും, സംരക്ഷണ ഭിത്തിയുടെ നിർമ്മാണവും, തടിക്കുളം ചെക്ക് ഡാമിന്റെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണവും,പണിക്കൻകുത്ത്, റാത്തപ്പിള്ളി ചെക്ക് ഡാമുകളുടെ പുനർനിർമ്മാണവും,
ചെക്ക് ഡാമിന്റെ അറ്റകുറ്റപ്പണികളും,പെരിയാറിന്റെ തീരത്തുള്ള പമ്പ് ഹൌസിന്റെ പുതുക്കിയ ഡിസൈൻ പ്രകാരമുള്ള
ഹൗസിന്റെ നിർമ്മാണവും
പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കോതമംഗലം പുഴയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന നിരവധി കുടിവെള്ളപദ്ധതികൾക്കും വേനൽ കാലത്ത് ജല ലഭ്യത ഈ പദ്ധതി ഉറപ്പുവരുത്തും.
കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കോതമംഗലം നഗരസഭ ഉൾപ്പെടെ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജലലഭ്യത ഉറപ്പുവരുത്താൻ കഴിയുന്ന വലിയ പദ്ധതിയാണിതെന്നും, കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു നദിയിൽ നിന്നും വെള്ളം റീലിഫ്റ്റ് ചെയ്ത് മറ്റൊരു നദിയിൽ എത്തിച്ച് വിവിധ പ്രദേശങ്ങളിൽ ജല ലഭ്യത ഉറപ്പുവരുത്തുന്നതെന്നും പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും ആന്റണി ജോൺ എം എൽ എ പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുഹറ ബഷീർ,ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ രാജേഷ് കുഞ്ഞുമോൻ, പഞ്ചായത്ത് അംഗങ്ങളായ തോമാച്ചൻ ചാക്കോച്ചൻ,ജിൻസി മാത്യു,മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ ജോഷി സിറിയക്, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അഭിജിത്ത് ചന്ദ്രബോസ് തുടങ്ങിയവർ സംസാരിച്ചു.


























































