കോതമംഗലം : നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം ദേശീയപാത നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. വനം വകുപ്പിൻറ്റെ തടസ്സവാദത്തെ തുടർന്നാണ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാതിരുന്നത്. കൊച്ചി മുതൽ മൂന്നാർ വരെയുള്ള ദേശീയ പാത വികസനപ്രവർത്തനങ്ങൾക്ക് NHAI 980 കോടി രൂപ അനുവദിച്ച് നടത്തിവന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നേര്യമംഗലം മുതൽ വാളറ വരെ വനം വകുപ്പ് തടസപ്പെടുത്തിയപ്പോൾ മുവാറ്റുപുഴ നിർമ്മലാ കോളേജ് ബിരുദ വിദ്യാർത്ഥിനി കിരൺ സിജു, Farmers Awareness Revival Movement (FARM) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ്, ട്രഷറർ ബാബിന് ജെയിംസ്, വാളറ റോഡ് സൈഡിൽ കരിക്ക് വിറ്റതിൻറ്റെ പേരിൽ വനം വകുപ്പ് 2022 ൽ ജയിലിൽ അടച്ച മീരാൻകുഞ്ഞ് എന്നിവർ ഹൈ കോടതിയിൽ കൊടുത്ത കേസിൽ, ഈ 14.5 കിലോമീറ്റർ ദൂരം 100 അടി വീതിയിൽ റവന്യു ഭൂമിയാണെന്നും, നിർമ്മാണ പ്രവർത്തനങ്ങൾ തടയരുതെന്നും ഹൈ കോടതി ഡിവിഷൻ ബെഞ്ച് വനം വകുപ്പിന് കൊടുത്ത ഉത്തരവിൻറ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്.
ഉത്തരവിനെതിരെ അപ്പീൽ പോകാൻ വനം വകുപ്പ് അഡ്വക്കേറ്റ് ജനറലിൽ നിന്നും നിയമോപദേശം നേടിയിരുന്നു എങ്കിലും ചിഫ് സെക്രട്ടറി അനുമതി നിഷേധിച്ചിരുന്നു. എന്നാൽ അപ്പീൽ അപേക്ഷ സുപ്രീം കോടതിയിൽ വന്നാൽ എതിർക്കുന്നതിനായി FARM സുപീം കോടതിയിൽ അഭിഭാഷക ടീമിനെ നിയോഗിക്കുകയും, കവിയറ്റ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. മുന്നാറിലേക്കുള്ള ടുറിസം കോറിഡോറായ നേര്യമംഗലം – വാളറ ദേശീയ പാത വികസനം ഇടുക്കി ജില്ലക്ക് പുത്തൻ ഉണർവേകും.