കോതമംഗലം: കീരമ്പാറ പഞ്ചായത്തിൽ കൊണ്ടിമറ്റം ഭാഗത്ത് 611 മലനിരയിൽ പാറമട സ്ഥാപിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമത്തിനെതിരെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും.പരിസ്ഥിതി ലോല മേഖലയിൽപ്പെട്ടതാണ് 611 മലനിരകൾ. വളരെ വിസ്‌തൃതമായ മലനിരയിൽ കൊണ്ടിമറ്റം ഭാഗത്ത് പാറമട സ്ഥാപിക്കാനുള്ള ശ്രമമാണ് സ്വാകാര്യ വ്യക്തി ചെയ്യുന്നത്. 611 മലയിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ പഞ്ചായത്തിലെ 4,5,6 വാർഡുകളിൽ അത് വലിയ അപകടമായി മാറും. പറയുടെ അടിഭാഗത്ത് നിന്നും മണ്ണ് മാറ്റിയാണ് പാറമട പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നത്. പാറമടക്ക് വേണ്ടി മണ്ണ് മാറ്റി റോഡും വെട്ടിയിട്ടുണ്ട്.
മലയിൽ പാറമടയുടെ പേരിൽ റവന്യൂ ഭൂമിയിലെ മരങ്ങളും മുറിച്ചു മാറ്റുന്നതായും മലയിൽ മണ്ണും കുറ്റൻ കല്ലുകളും ഇളക്കി മാറ്റിയുള്ള റോഡ് നിർമാണം നടന്ന് വരികയാണ്. ഇത് പ്രദേശത്ത് ശക്തമായ ഉരുള്‍ പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യത ചൂണ്ടി കാട്ടിയാണ് ജനങ്ങൾ എതിർക്കുന്നത്. 611 മലയുടെ ചുറ്റും നൂറുകണക്കിന് കുടുംബങ്ങൾ താമസിച്ചു വരുന്നുണ്ട്.ആരാധനാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും കൂട്ടത്തിൽ ഉണ്ട്. ഇവിടെ പാറമട സ്ഥാപിച്ചാൽ അത് വയനാട്ടിലുണ്ടായതുപൊലെയുള്ള ദുരന്തങ്ങൾക്ക് കാരണമാകുമെന്നാണ് നാട്ടുകാർ ഭയപ്പെടുന്നത്. കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ സാഹചര്യം കോതമംഗലത്തും രൂപപ്പെടുന്നതായി ഇവർ പറയുന്നു. രണ്ടു ദിവസം മുൻപാണ് മാമലക്കണ്ടെത്ത് ഒരു കുന്നിൻ മുകൾ ഇടിഞ്ഞു വീണത്. ഇവിടെ മറ്റൊരു ദുരന്തം കൂടി ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
ഇത് പ്രദേശവാസികളിൽ വലിയ തോതിലുള്ള ഭയവും നിരാശയും ഉണ്ടാക്കുന്നതായും നാട്ടുകാർ പറഞ്ഞു. പ്രകൃതിയുടെ നിലനിൽപ്പ് തന്നെ തകർക്കുന്ന ഇത്തരം നീക്കം നിർത്തി വക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഏതു വിധേനയും പാറമടക്കെതിരെ എല്ലാവരും ഒരുമിച്ചു നിൽക്കുമെന്നും പാറമട സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു.