കോതമംഗലം : എം എ ഇൻ്റർനാഷ്ണൽ സ്കൂളിൽ , 2023 – 24 അധ്യയന വർഷത്തിൽ 10, 12 ക്ലാസുകളിൽ നിന്ന് വിജയിച്ച കുട്ടികൾക്കുള്ള ബിരുദദാനം നടന്നു. സ്കൂൾ സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കെ. ജയകുമാർ ഐ എ എസ് (മുൻ ചീഫ് സെക്രട്ടറി – കേരള സർക്കാർ, മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസിലർ) മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസത്തിനു കേരളം നല്കിയിരിക്കുന്ന പ്രാധാന്യമാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വേറിട്ടു നിർത്തുന്നതെന്നും വിദ്യാഭ്യാസം നേടിയാലും മൂല്യബോധമില്ലാത്ത ജനതയെ വിദ്യാസമ്പന്നർ എന്നു വിളിക്കാനാകില്ലെന്നും പരിഷ്കൃതരായിരിക്കുമ്പോഴും കേരളത്തിൻ്റെ പൈതൃകത്തെ മറക്കരുതെന്നും ദൈവത്തിൻ്റെ ഓരോ സൃഷ്ടിയും വ്യത്യസ്തമായിരിക്കുന്ന ഈ ലോകത്ത് മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കാതെ അവനവനായിത്തന്നെ ജീവിക്കുവാനും ഉത്തരവാദിത്തവും കടപ്പാടും മറക്കാത്തരായിരിക്കുവാനും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. ശുദ്ധമായ ചിന്ത, വികാരം , ആശയം, പ്രവൃത്തി , ലക്ഷ്യം എന്നീ പഞ്ചശുദ്ധികൾക്ക് ജീവിതത്തിൽ പ്രഥമസ്‌ഥാനം നല്കിയാൽ ജീവിതം മനോഹരമാക്കാമെന്നും ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ലെന്നും അദ്ദേഹം സ്വാനുഭവത്തിൻ്റെ വെളിച്ചത്തിൽ ഉറപ്പിച്ചു പറഞ്ഞു.
എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ.വിന്നി വർഗീസ് അധ്യക്ഷപദം അലങ്കരിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ജൂബി പോൾ സ്വാഗതവും മരിയ മാത്യു നന്ദിയും രേഖപ്പെടുത്തി.
