കോതമംഗലം: കോതമംഗലത്ത് ഒന്‍പത് പേര്‍ക്ക് എച്ച് 1 എന്‍ 1 പനിയും, വാരപ്പെട്ടിയില്‍ ഏഴ് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും, നെല്ലിക്കുഴിയില്‍ ഒരാള്‍ക്ക് മലേറിയയും ബാധിച്ചതായി കണ്ടെത്തി. കോതമംഗലത്ത് ഷെഡ്യൂള്‍ഡ് ബാങ്കിലെ രണ്ട് ജീവനക്കാര്‍ക്കും, ഇതിലൊരാളുടെ ഭാര്യയ്ക്കുമാണ് എച്ച് 1 എന്‍ 1 പനി കാര്‍ഡ് ടെസ്റ്റിലൂടെ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ആറ് പേര്‍ക്കുകൂടി രോഗം കണ്ടെത്തി. നിലവില്‍ 9 പേര്‍ക്കാണ് രോഗബാധ സംശയിക്കുന്നത്. എച്ച് 1 എന്‍ 1 പനിയുടെ വകഭേദമായ ഇന്ഫ്ളൂന്സ എ ആണിതെന്നാണ് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായത്. ഇവരില്‍ രണ്ട് പേരുടെ സെറം ആലപ്പുഴയില്‍ വൈറോളജി ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതിന്റെ ഫലം അനുസരിച്ചായിരിക്കും ബാക്കിയുള്ളവരുടെ രോഗം സ്ഥിരീകരിക്കുകയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വാരപ്പെട്ടിയില്‍ ഇന്നലെ ഏഴ് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പഞ്ചായത്തിലെ 1, 3,11,12 വാര്‍ഡുകളിലാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. ഒന്നരമാസത്തിനിടെ ഇവിടെ 15 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചിട്ടുണ്ട്. 13-ാം വാര്‍ഡിലാണ് കൂടുതല്‍ രോഗബാധ. ഇവിടെ 5 പേര്‍ക്ക് രോഗബാധയുണ്ട്. നെല്ലിക്കുഴിയില്‍ താമസിക്കുന്ന ഒഡീഷ സ്വദേശിയായ തൊഴിലാളിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.