കോതമംഗലം : അശാസ്ത്രിയമായ കൊച്ചി ധനുഷ് കോടി ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി കോതമംഗലം നഗരസഭയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാകുന്നതായി കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി. പുറമ്പോക്ക് പൂർണമായും ഒഴിപ്പിച്ച് ദേശീയപാത നവീകരണം നടത്തുന്നതിന് പകരം കൈയ്യേറ്റ ഭൂമികൾ ഒഴിവാക്കി അശാസ്ത്രീയമായി നിർമാണ പ്രവർത്തനം നടത്തുന്നതിൻ്റെ ഫലമായി വിവിധ ഭാഗങ്ങളിൽ കുടിവെള്ള പൈപ്പുകൾ പൊട്ടി ജലവിതരണം മുടങ്ങിയിരിക്കുകയാണ് .
മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് യാതൊരു മുൻകരുതലുകളുമില്ലാതെ കാനകൾ കീറിയതിൻ്റെ ഫലമായി നഗരസഭയിലെ ഒന്നാം വാർഡിലും ,19 മുതൽ 31 വരെയുള്ള വാർഡുകളിലും ദിവസങ്ങളിലായി കുടിവെള്ളം മുടങ്ങിയിരിക്കുകയാണന്ന്. റോഡ്
നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുൻപ്
കേരള വാട്ടർ അതോറിട്ടി ഓഫീസിൽ നിന്നും കുടിവെള്ള വിതരണ ശ്രംഖലയുടെ സ്കെച്ചും പ്ലാനുകളും ശേഖരിച്ചാണ് കരാറുകാർ റോഡ് പണി തുടങ്ങുന്നത്. എന്നാൽ ഇവിടെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കാനകൾ കീറിയതു മൂലമാണ് പൈപ്പുകൾ പൊട്ടി ലക്ഷകണക്കിന് രൂപയുടെ വെള്ളം പാഴായി പോയിരിക്കുന്നതെന്നും ചെയർമാൻ ആരോപിച്ചു.നഗര മധ്യത്തിലെ ടി ബി കുന്നിലെ ജലസംഭരണിയിലേക്കുള്ള പൈപ്പുകൾക്ക് നാശനഷ്ടമുണ്ടായതും ,കവളങ്ങാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ പൈപ്പുകൾ പൊട്ടിയതു മൂലമാണ് കുടിവെള്ളം മുടങ്ങിയിരിക്കുന്നതെന്നും ചെയർമാൻ വാർത്ത കുറിപ്പിൽ അറിയിച്ചു.