കോതമംഗലം: കോതമംഗലം പുഴയോരത്തിന് സമീപം ആശുപത്രി മാലിന്യങ്ങൾ തള്ളി. പുഴയുടെ കോഴിപ്പിള്ളി തോപ്പിൽ കടവിന് സമീപം രാത്രിയിലാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഉപയോഗിച്ച സൂചി , സിറിഞ്ച് ,പഞ്ഞി ,ഗ്ലൈസർ ,തുടങ്ങിയ ലോഡു കണക്കിന് മാലിന്യം തള്ളിയത് . എറണാകുളം ,ഇടുക്കി ജില്ലകളിലെ വൻകിട ആശുപത്രികളിൽ നിന്നാണ് മാലിന്യം എത്തുന്നത്. ആശുപത്രികൾ മാലിന്യം കൊണ്ടു പോകുന്നതിന് വൻ തുകയാണ് മാഫിയ സംഘങ്ങൾക്ക് നൽകുന്നത്. പുഴ തീരത്തിന് ചേർന്ന് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മണൽ ഖനനത്തെ തുടർന്ന് രൂപപെട്ട കുളത്തിലാണ് ആശുപത്രി മാലിന്യങ്ങൾ ഉൾപെടെയുള്ള വസ്തുക്കൾ മണൽ മാഫിയകൾ തള്ളിയത്. മാലിന്യങ്ങൾ തള്ളിയ ശേഷം അതിന് മുകളിൽ അതാത് ദിവസം ജെ സി ബി ഉപയോഗിച്ച് മണ്ണിട്ടു അത് മറക്കുകയാണ് ചെയ്തിരിക്കുന്നത് . ഇതിനടുത്താണ് കോഴിപ്പിള്ളി പുഴയും , ജലവിഭവ വകുപ്പിൻ്റെ ജല വിതരണ പ്ലാൻ്റും .മഴക്കാലത്ത് മാലിന്യം ഇവിടെ ക്കൊഴുകിയെത്തിയാൽ പൈപ്പ് വഴിയുള്ള ജലവിതരണം താറുമാറാകാൻ സാധ്യതയുണ്ട്. സംഭവമറിഞ്ഞ് വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ , സെക്രട്ടറി എം എം ഷംസുദ്ധീൻ എന്നിവർ സ്ഥലതെത്തി പരിശോധന നടത്തി കോതമംഗലം പൊലിസിൽ പരാതി നൽകി. ഇത്തരം പ്രവർത്തനങ്ങൾ പഞ്ചായത്ത് പരിധിയിൽ അനുവദിക്കില്ലന്നും ശക്തമായ മറ്റ് നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ പറഞ്ഞു.
ജില്ലാ കലക്ടർ ,ഡി എം ഒ എന്നിവർക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
