കോതമംഗലം : മനുഷ്യ ജീവനും വസ്തു വകകൾക്കും , കൃഷി ദേഹണ്ഡങ്ങൾക്കും ഭീഷണി ഉയർത്തി നേര്യമംഗലം മേഖലയിൽ കാട്ടാന കൂട്ടം വിലസുന്നു. കഴിഞ്ഞ രണ്ട് ആഴ്ചയിലധികമായി എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശമായ നീണ്ടപാറ, കരിമണൽ പ്രദേശങ്ങളിലെ സ്ഥിതിയിതാണ്. വൈകിട്ട് ആറ് മണി കഴിയുമ്പോഴേക്കും കാട്ടാന കൂട്ടം പെരിയാർ നദി കടന്ന് എത്തും. 15 ഓളം വരുന്ന കാട്ടാന കൂട്ടമാണ് ഇങ്ങനെ പുഴ കടന്ന് ദിവസവും എത്തുന്നത്. പെരിയാറിന്റെ തീരത്തെ ഏതാണ്ട് മൂന്ന് കിലോമീറ്റർ നീളത്തിൽ നിരവധി കൃഷിക്കാരുടെ തെങ്ങ്, കവുങ്ങ്, കൊക്കോ വാഴ, പൈനാപ്പിൾ തുടങ്ങിയ കൃഷി ദേഹണ്ഡങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടാന കൂട്ടം നശിപ്പിച്ചിട്ടുള്ളത്. സന്ധ്യ കഴിഞ്ഞാൽ മനുഷ്യർക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല. ജനവാസ കേന്ദ്രങ്ങളിൽ വന്ന് വീട്ടുമുറ്റങ്ങളിലും മറ്റും ആനകൾ കൂട്ടം കുടി എത്തുന്നത് ജനങ്ങളിൽ വലിയ ഭീതി പടർത്തിയിരിക്കുകയാണ്. കാട്ടാനശല്യത്തിനെതിരെ ജനങ്ങൾ നടത്തിയ പ്രക്ഷോഭത്തിന്റേയും, നിവേദനങ്ങളുടെയും ഫലമായി ഈ പ്രശ്നത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും, വനം വകുപ്പ് അധികാരികളും ഇടപെട്ട് ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്നതിന് നടപടി ആയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇതിന്റെ നടപടി ക്രമങ്ങൾ എന്തുകൊണ്ടോ ഇഴഞ്ഞ് നീങ്ങുകയാണ്. കോട്ടയം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസ് വഴിയാണ് ഫെൻസിംഗിനുള്ള ഫണ്ട് അനുവദിക്കുന്നത്. വിവിധ ഫോറസ്റ്റ് റേഞ്ച് ഓഫീസുകൾക്കായി 1 കോടി 45 ലക്ഷം രൂപ അനുവദിച്ചിട്ടണ്ട് എന്ന് പറയുമ്പോഴും നടപടി ക്രമങ്ങൾ ഇഴഞ്ഞ് നീങ്ങുന്നത് ഫെൻ സിംങ് സ്ഥാപിക്കുന്നതിന് കാലതാമസം വരുത്തുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും സംരക്ഷണ മേർപ്പെടുത്താൻ എത്രയും വേഗത്തിൽ ഹാങ്ങിംഗ് ഫെൻസിംങ് സ്ഥാപിക്കുന്നതിന് അടിയന്തിര നടപടി ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം