കോതമംഗലം: കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ,നാലര കിലോമീറ്റർ നീന്തി കയറി ഗിന്നസ് ബുക്കിൽ ഇടം നേടിയ സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി 11 വയസ്സുള്ള ലയ ബി നായർക്ക് സ്കൂളിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ ചേർത്തലയിലെ തവണ കടവ് ബോട്ടിൽ ജെട്ടിയിൽ നിന്നും നീന്തൽ ആരംഭിച്ച് വൈക്കം ബീച്ചിലേക്കാണ് റെക്കോർഡ് നേട്ടവുമായി കുട്ടി നീന്തി കയറിയത്.ഇതുവരെ വനിതകൾ ആരും കൈകൾ ബന്ധിച്ച് നീന്തിയിട്ടില്ല.സ്കൂൾ മാനേജ്മെന്റിന്റെയും പി ടി എ യുടെയും നേതൃത്വത്തിൽ കുട്ടിക്ക് നൽകിയ അനുമോദനസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജ്മെന്റ് എഡ്യൂക്കേഷൻ സെക്രട്ടറി സിസ്റ്റർ മരിയാൻസി അധ്യക്ഷത വഹിച്ചു.മാനേജ്മെന്റിന്റെ പേരിൽ സിസ്റ്റർ കുട്ടിക്ക് അനുമോദനങ്ങൾ നേരുകയും ക്യാഷ് അവാർഡ് ഉൾപ്പെടെയുള്ള ഉപഹാരങ്ങൾ നൽകുകയും ചെയ്തു.സിനി ആർട്ടിസ്റ്റ് സഞ്ജു നെടുംകുന്നേൻ വിശിഷ്ടാതിഥിയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ,മുനിസിപ്പൽ എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജോ വർഗീസ്,വാർഡ് കൗൺസിലർ കെ വി തോമസ്,വിദ്യാഭ്യാസ വകുപ്പിലെ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ സജീവ് കെ ബി,പി ടി എ പ്രസിഡന്റ് സോണി മാത്യു,പി ടി എ വൈസ് പ്രസിഡന്റും കോതമംഗലം പോലീസിലെ എ എസ് ഐ യുമായ ബിജു വർഗീസ്,പ്രധാനാധ്യാപിക സിസ്റ്റർ റിനി മരിയ,ക്ലാസ് ടീച്ചർ സിസ്റ്റർ ഗ്രേസ്മി എന്നിവർ കുട്ടിക്ക് അനുമോദനങ്ങൾ നേർന്ന് സംസാരിക്കുകയും ഹാരമാണിയിക്കുകയും ചെയ്തു.കൂടാതെ ലയയുടെ ക്ലാസിലെ കൂട്ടുകാരും ലയക്ക് ഉപഹാരങ്ങൾ നൽകി അഭിനന്ദനങ്ങൾ അറിയിച്ചു.പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.നീന്തൽ പരിശീലകനും ലയയുടെ പിതാവുമായ ബിജു തങ്കപ്പനെയും,സഹ പരിശീലകൻ സജിത്തിനെയും വേദിയിൽ അനുമോദിച്ചു.കുട്ടിയുടെ മാതാപിതാക്കളും സഹോദരിയും,വാരപ്പെട്ടി പഞ്ചായത്തിലെ,വാർഡ് മെമ്പേഴ്സും അനുമോദന ചടങ്ങിൽ പങ്കെടുത്തു.