കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പലും കിറ്റെക്സ് ഗാർമെന്റ്സ് ഡയറക്ടറുമായ ഇരുമല. ഇ.എം. പൗലോസ് അന്തരിച്ചു. 85 വയസ്സായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളിയിൽ വെച്ചു നടത്തും.
നിറഞ്ഞ ചിരിയും ചടുലതയും അതായിരുന്നു പ്രൊഫ. ഇ.എം. പൗലോസിന്റെ മുഖമുദ്ര. ആരെയും തന്നിലേക്ക് അടുപ്പിക്കുന്ന കാന്തശക്തിയുണ്ടായിരുന്നു അദ്ദേഹത്തിന്. ആറരപ്പതിറ്റാണ്ടോളം സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തിയാണ് അദ്ദേഹം ജീവിതത്തിൽ നിന്നു വിടവാങ്ങുന്നത്. കോതമംഗലം എം.എ കോളജിൽ ചരിത്ര വിഭാഗം തലവനായും പിന്നീടു പ്രിൻസിപ്പലായും പ്രവർത്തിക്കുമ്പോഴും ഒരിക്കലും അധ്യാപനത്തിൽ ഒതുങ്ങിനിന്നില്ല അദ്ദേഹം.
വൈഎംസിഎ, വൈസ്‌മെൻ ഇന്റർനാഷനൽ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട പദവികളിലിരുന്നുകൊണ്ട് പാവപ്പെട്ട മനുഷ്യർക്കുള്ള ഭവനനിർമാണം അടക്കം ഒട്ടേറെ കാര്യങ്ങൾ ചെയ്തു. ബസ് സ്റ്റാൻഡുകളിൽ ചാരുബെഞ്ചുകൾ നിർമിച്ച് യാത്രികർക്കു വിശ്രമിക്കാനിടം നൽകി. സാന്ത്വനം സ്പെഷൽ സ്കൂളിന്റെ സ്ഥാപക വൈസ് പ്രസിഡന്റായ അദ്ദേഹം അവസാന നാളുകൾ വരെ അതിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധവച്ചു.
ഒരു നിമിഷം പോലും അലസമായി ഇരിക്കാൻ കൂട്ടാക്കാതിരുന്ന പൗലോസ് സാർ അതെല്ലാം സമൂഹത്തിനു ഗുണകരമാകുന്ന പ്രവർത്തനങ്ങൾക്കാണ് വിനിയോഗിച്ചത്. സഹായം തേടിയെത്തുന്നവർക്കു മുന്നിൽ ഏതു നേരവും ഇരുമലപ്പടിയിലെ ‘ഇരുമല’ വീടിന്റെ വാതിലുകൾ തുറന്നുകിടന്നു. ഉന്നത വിദ്യാഭ്യാസത്തിനായാലും വിദഗ്ധചികിത്സയ്ക്കായാലും പൗലോസ് സാറിന്റെ കത്ത് കയ്യിലുണ്ടെങ്കിൽ സാധാരണ മനുഷ്യർക്ക് അതൊരു ധൈര്യവും ആശ്വാസവുമായിരുന്നു. അതിവിപുലമായ ശിഷ്യസമ്പത്തും പരിചയക്കാരുമുണ്ടായിരുന്ന സാറിന്റെ വാക്കുകൾക്ക് അസാധ്യമായ കാര്യങ്ങൾ നടത്തിക്കൊടുക്കാനുള്ള കരുത്തുണ്ടായിരുന്നു. സാമ്പത്തികമായും ഒരുപാടുപേരെ അദ്ദേഹം സഹായിച്ചു. അതൊന്നും ആരെയും അറിയിക്കുകയോ മേനിനടിക്കുകയോ ചെയ്തില്ല.
അന്ന കിറ്റെക്സ് ഗ്രൂപ്പ് സ്ഥാപകനും സഹോദരീ ഭർത്താവുമായ എം.സി.ജേക്കബിനോട് വലിയ അടുപ്പം പുലർത്തിയിരുന്ന അദ്ദേഹം കിറ്റെക്സ് ഗാർമെന്റ്സിന്റെ ഡയറക്ടറായും പ്രവർത്തിച്ചു. സാബു എം. ജേക്കബിനും ബോബി എം. ജേക്കബിനും കീഴിൽ കമ്പനി ഉയരങ്ങളിലേക്കു സഞ്ചരിക്കുന്നത് അഭിമാനത്തോടെയാണ് അദ്ദേഹം കണ്ടത്.