കോട്ടപ്പടി : പുഴു അരിക്കുന്ന കക്കൂസ് മാലിന്യം പൊതുവഴിയിലേക്ക് ഒഴുകുന്നത് നാട്ടുകാരിൽ ആശങ്ക ജനിപ്പിക്കുന്നു. കോട്ടപ്പടി ഗവൺമെൻ്റ് ആശുപത്രിക്ക് എതിർവശത്തുള്ള സ്വകാര്യ വ്യക്തിയുടെ ഹോട്ടൽ കെട്ടിടത്തിൽ നിന്നും പുറത്തേക്കൊഴുക്കുന്ന കക്കൂസ് മലിന ജലത്തിൻ്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ നവ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിൽ നിന്നും വമിക്കൂന്ന രൂക്ഷമായ ദുർഗന്ധം തൊട്ടടുത്തുള്ള കോളേജിലേക്കും, സ്കൂളിലേക്കും നടന്നു പോകുന്ന കുട്ടികൾക്കും, ആശുപത്രിയിലേക്ക് വരുന്ന രോഗികൾക്കും സമീപവാസികൾക്കും അസഹനീയമായിരിക്കുന്നു. പരിസരവാസികളിൽ ചിലർ ഉടമയുമായി ചർച്ച നടത്തിയെങ്കിലും ധിക്കാരപരമായ നിലപാടാണ് ഉണ്ടായത്. തുടർന്ന് തൊട്ടടുത്ത് തന്നെയുള്ള ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിലും, പഞ്ചായത്തിലും പരാതി നൽകുകയും ചെയ്തിരുന്നു.
നൂറുക്കണക്കിന് വിദ്യാർത്ഥികളേയും രോഗികളേയും വഴിയാത്രക്കാരേയും തൊട്ടടുത്തുള്ള കടക്കാരെയും, ആരോഗ്യപരമായി ബാധിക്കുന്ന കൊടും ക്രൂരതക്കെതിരെ നിസംഗത പുലർത്തുന്ന പഞ്ചായത്ത് അധികാരികളുടെയും, ആരോഗ്യ വകുപ്പിൻ്റെയും അനാസ്ഥക്കെതിരെ ജനങ്ങൾക്കിടയിൽ വ്യാപകമായ പ്രതിഷേധവും അസംതൃപ്തിയുമുണ്ട്. ഉന്നത അധികാരികളിലേക്ക് പരാതി നൽകാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം ഈ ഭാഗത്തുണ്ടായ വെള്ളക്കെട്ടിലേക്ക് ഹോട്ടൽ കെട്ടിടത്തിലെ പുഴു ഞൊളക്കുന്ന മലിനജലം കലർന്നിട്ടുണ്ടോ എന്ന ആശങ്കയും നാട്ടുകാർ പങ്കുവെക്കുന്നു.