കോതമംഗലം: അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസമാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുതു തലമുറ പ്രതീക്ഷിക്കുന്നത് എന്ന് എ പി ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം എസ് രാജശ്രീ. ഇതിനുതകുന്ന അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുക എന്നതാവണം ഏത് ഉന്നത വിദ്യാഭ്യസ സ്ഥാപനത്തിന്റേയും ലക്ഷ്യം. അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങളോട് മത്സരിക്കുകയല്ല. സഹകരിക്കുകയാണ് വേണ്ടതെന്നും വൈസ് ചാൻസലർ പറഞ്ഞു.
കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ ആധുനിക രീതിയിൽ പണികഴിപ്പിച്ച “ഡയമണ്ട് ജൂബിലി ഹോസ്റ്റൽ’ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡോ. രാജശ്രീ.
ആധുനിക രീതിയിലുള്ള, 400 കുട്ടികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന സൗകര്യത്തോടുകൂടിയ ഓട്ടോമേറ്റഡ് അടുക്കള, ബയോഗ്യാസ് പ്ലാന്റ്, നൂതനമായ വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയെല്ലാമാണ് ആറ് നിലകളിലായി ഒൻപതര കോടി രൂപ ചിലവിൽ ആൺ കുട്ടികൾക്കായി പണികഴിപ്പി ച്ചിരിക്കുന്ന ഹോസ്റ്റലിന്റെ പ്രത്യേകതകൾ.
ശ്രേഷ്ഠ കാതോലിക്ക ബാവ ബസ്സേലിയോസ് തോമസ് പ്രഥമൻ ഉദ്ഘാടനം ചെയ്തു. കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. രാജശ്രീ എം എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം എ കോളേജ് അസ്സോസ്സിയേഷൻ ചെയർമാൻ മാത്യൂസ് മാർ അപ്രേം തിരുമേനി, അസ്സോ സ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, പ്രിൻസിപ്പൽ ഡോ. കെ മാത്യു എന്നിവർ സംസാരിച്ചു.