കോതമംഗലം : കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് കൃഷി വകുപ്പ് നൽകുന്ന അവാർഡ് പ്രഖ്യാപനത്തിൽ കോതമംഗലം ബ്ലോക്കിന് മികച്ച നേട്ടം. എറണാകുളം ജില്ലയിലെ മികച്ച കർഷകനുള്ള ഒന്നാം സ്ഥാനം പിണ്ടിമന കൃഷിഭവൻ പരിധിയിലെ കർഷകനായ ഇഞ്ചക്കുടി മൈതീൻ കരസ്ഥമാക്കി. ഉദ്യോഗസ്ഥ വിഭാഗം അവാർഡുകളിൽ സംസ്ഥാനത്തെയും ജില്ലയിലേയും മികച്ച കൃഷി അസിസ്റ്റൻറ് ഡയറക്ടറായി കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധു തെരെഞ്ഞെടുക്കപ്പെട്ടു.
കൃഷി ഓഫീസർ സ്ഥാനത്തേക്ക് ജില്ലയിലെ അവാർഡുകളിൽ പല്ലാരിമംഗലം കൃഷി ഓഫീസർ ജാസ്മിൻ തോമസ്സും, കീരംപാറ കൃഷി ഓഫീസർ ബോസ് മത്തായിയും തെരെഞ്ഞെടുക്കപ്പെട്ടു.സംസ്ഥാനത്തെയും ജില്ലയിലേയും മികച്ച കൃഷി അസിസ്റ്റൻ്റായി കോതമംഗലം കൃഷിഭവനിലെ ഇ.പി.സാജുവും തെരെഞ്ഞെടുക്കപ്പെട്ടതോടെ എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയായ കോതമംഗലത്തിന് ഇരട്ടി മധുരമായി. ജില്ലയിലെ അവാർഡ് വിതരണം 22 ന് കോതമംഗലം എം.എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും.
 
						
									

 

























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				