കോതമംഗലം : എറണാകുളം ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി റവന്യൂ വകുപ്പ്
തെരഞ്ഞെടുത്ത കോതമംഗലം വില്ലേജ് ഓഫീസർ ടി എ നസീറയെ തേടി അംഗീകാരമെത്തുന്നത് രണ്ടാം വട്ടം. തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം വില്ലേജ് ഓഫീസറായിരിക്കെ 2016ലും ടി എ നസീറയെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞടുത്തിരുന്നു. 2001ൽ എൽ ഡി ക്ലാർക്കായി കോതമംഗലം താലൂക്ക് ഓഫീസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2014 ൽ വില്ലേജ് ഓഫീസറായി ജോലി കയറ്റം ലഭിച്ചു. കണ്ണൂർ ജില്ലയിലെ തലശേരി താലൂക്കിൽ കണ്ടംകുന്ന് വില്ലേജ് ഓഫീസറായിട്ടായിരുന്നു നിയമനം. തുടർന്ന് ഇടുക്കി ജില്ലയിലെ കാരിക്കോട്, വണ്ണപ്പുറം എന്നീ വില്ലേജ് ഓഫീസുകളിൽ വില്ലേജ് ഓഫീസറായി സേവനം അനുഷ്ഠിച്ചു.
വണ്ണപ്പുറം വില്ലേജ് ഓഫീസറായിരിക്കെ 2016 ലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടതാണ് ആദ്യം ലഭിച്ച അംഗീകാരം. തുടർന്ന് എറണാകുളം ജില്ലയിലെ കുട്ടമംഗലം, ഇരമല്ലൂർ, വാരപ്പെട്ടി എന്നീ വില്ലേജുകളിലെ വില്ലേജ് ഓഫീസറായി പ്രവർത്തിച്ചു. 2021 ജൂൺ മാസം മുതൽ കോതമംഗലം വില്ലേജ് ഓഫീസറായി പ്രവർത്തിക്കുന്നു. നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞി തച്ചുമഠം അലിയുടെയും പാത്തു വിന്റെയും മകളാണ്. ഭർത്താവ്: വാരപ്പെട്ടി പാറയിൽ കെ എസ് നാസർ. മക്കൾ: സിഫിൻസ്, സിജിൻസ്. റവന്യൂ ദിനാഘോഷത്തോടനുബന്ധിച്ച് നാളെ (24/2/22 ) വൈകിട്ട് 6 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായായി വിജയനും റവന്യൂ വകുപ്പുമന്ത്രി കെ രാജനും പങ്കെടുക്കുന്ന ചടങ്ങിൽ നസീറ റ്റി എ അവാർഡ് ഏറ്റുവാങ്ങും.