കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഫുട്ബോൾ അലൂമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാർ അത്തനേഷ്യസ് കോളേജിലെ മുൻകാല ഫുട്ബോൾ താരങ്ങളെ ഏവരെയും കോർത്തിണക്കിക്കൊണ്ട് ഫുട്ബോൾ കൂട്ടായ്മ നടത്തി. 1978 മുതൽ 2021 വരെയുള്ള വിവിധ ബാച്ചുകളിലെ താരങ്ങൾ അണിനിരന്നപ്പോൾ കാൽപന്തു കളിയുടെ ഓർമ്മകൾ പൂവിട്ടു. ഞായറാഴ്ച രാവിലെ 7 മണിക്ക് കോതമംഗലം മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ മൈതാനിയിൽ നാലു ബാച്ചുകൾ ആയി തിരിഞ്ഞു കൊണ്ട് നടത്തിയ ഫുട്ബോൾ സൗഹൃദ മത്സരത്തിനുശേഷം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസിന്റെ അധ്യക്ഷതയിൽ മാർ അത്തനേഷ്യസ് കോളേജ് അങ്കണത്തിൽ കായികതാരങ്ങൾ ഒത്തുകൂടി. പ്രഫ. പി ഐ ബാബു മുഖ്യ പ്രഭാഷണം നടത്തി.
1978ൽ മാർ അത്തനേഷ്യസ് കോളേജിൽ പഠിച്ച കേരളത്തിന്റെ പരിശീലകനായി സേവനമനുഷ്ഠിക്കുകയും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പരിശീലകനും ആയിരുന്ന പി കെ രാജീവ്, മാർ അത്തനേഷ്യസ് കോളേജ് കായിക വിഭാഗം മേധാവി ഹാരി ബെന്നി,എം. എ കോളേജ് കായിക അധ്യാപകനായ ഡോ. മാത്യുസ് ജേക്കബ്, കായിക കൂട്ടായ്മയുടെ മുഖ്യസംഘാടകൻ ആയി പ്രവർത്തിച്ച ബിനു സ്കറിയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഡോ.രജീഷ് ചാക്കോ നന്ദി പ്രകാശനം അർപ്പിച്ചു.
മാർ അത്തനേഷ്യസ് കോളേജ് ഫുട്ബോൾ അലൂമിനി അസോസിയേഷന്റെയും,എം എ കോളേജ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എം എ കോളേജിൽ വച്ച് എല്ലാവർഷവും പ്രൊഫ.എം പി വർഗീസ് മെമ്മോറിയൽ സൗത്ത് ഇന്ത്യൻ ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടത്തുന്നതിന് വേണ്ടിയുള്ള ശുപാർശ എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസിന് ഫുട്ബോൾ അലുമിനി അസോസിയേഷൻ സമർപ്പിച്ചു. കൂടാതെ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. റെജി പോൾ അലൂമിനി അസോസിയേഷൻ പ്രസിഡണ്ടായും ഡോ. രജീഷ് ചാക്കോ അലുമിനി അസോസിയേഷൻ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കാര്യപരിപാടികൾ ഉച്ചഭക്ഷണ തോടെ സമാപിച്ചു.