കോതമംഗലം: ആലുവ മൂന്നാർ റോഡിൽ വനം വകുപ്പ് ഏർപ്പെടുത്തിയ ഉട്ടോപ്യൻ നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കണമെന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ അഡ്വ. റോണി മാത്യു. നിരവധി ടൂറിസ്റ്റുകൾ സഞ്ചരിക്കുന്ന ആലുവ-മൂന്നാർ റോഡിൽ ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച രണ്ട് സുപ്രധാന സ്ഥലങ്ങളാണ് ചീയപ്പാറ വെള്ളച്ചാട്ടവും വാളറ കുത്തും, ഈ പ്രദേശങ്ങൾ ഉൾപ്പെടുന്ന സംസ്ഥാനപാതയുടെ ഭാഗമായ പത്തു കിലോമീറ്റർ പരിധിയിൽ വന്യജീവികൾ വരാൻ സാധ്യതയുണ്ട് വാഹനങ്ങൾ നിർത്തരുത് എന്ന് പറയുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുംപോലെയാണ്. തകർച്ചയിൽ നിന്നും കോവിഡാനന്തര ടൂറിസം സാധ്യതകളിലേയ്ക്ക് പിച്ചവെയ്ക്കാർ തുടങ്ങുന്ന സാഹചര്യത്തിൽ കേരളത്തിലെ ടൂറിസം വ്യവസായത്തിൻ്റെ കഴുത്തിൽ കുരുക്കിട്ട് ഇരുട്ട് കല്ലറയ്ക്കുള്ളിൽ തള്ളുന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിച്ചിരിക്കുന്നത്.
വനം വകുപ്പിൻ്റെ പൊതുജനങ്ങളോടും കേരളീയ സമൂഹത്തോടുമുള്ള ഇത്തരം ദ്രോഹപരമായ തീരുമാനങ്ങൾക്കെതിരെ വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, വനം വകുപ്പിൻ്റെ കെടുകാര്യസ്ഥതയും അനാസ്ഥയും ചൂണ്ടിക്കാണിച്ചുകൊണ്ട് കർഷകരോടുള്ള വഞ്ചനാപരമായ സമീപനങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും കർഷകരേയും കൃഷിയിടങ്ങളേയും സംരക്ഷിക്കുവാനുതകുന്ന സമഗ്രമായ പ്രശ്നപരിഹാര നയങ്ങളും ക്രിയാത്മകമായ ശുപാർശകളും അനുബന്ധ തീരുമാനങ്ങളും അടിയന്തിര പ്രാധാന്യത്തോടെ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വഴുതക്കാടുള്ള ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിലേക്ക് ഫെബ്രുവരി 16 ബുധനാഴ്ച്ച രാവിലെ 11 മണിയ്ക്ക് മാർച്ചും പ്രതിഷേധവും സംഘടിപ്പിക്കുമെന്നും അഡ്വ.റോണി മാത്യു പറഞ്ഞു.