നേര്യമംഗലം : കൊവിഡിന് ശേഷം ഉണർന്നു തുടങ്ങിയ ടൂറിസത്തിന് ഇരുട്ടടിയായി വനംവകുപ്പ്. നേര്യമംഗലം വാളറ വെള്ളച്ചാട്ടം വരെയുള്ള പ്രദേശങ്ങളിൽ വാഹനം നിർത്തുന്നത് വനംവകുപ്പ് തടഞ്ഞു. സ്വദേശിയും വിദേശിയുമായ ഉള്ള ഒട്ടേറെ യാത്രക്കാർ കടന്നുപോകുന്ന ഈ വഴിയിൽ ചീയപ്പാറ വെള്ളച്ചാട്ടവും, വാളറകുത്തും പ്രധാന ആകർഷണമാണ്. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കുവാനും ഫോട്ടോയെടുക്കാനും ഒട്ടേറെ വിനോദസഞ്ചാരികൾ വാഹനം നിർത്താറുണ്ട്. ഈ വഴിത്താരയിൽ വാഹനം കടന്നുപോകുമ്പോൾ കാട്ടാനശല്യം ഉണ്ടാകും എന്ന കാരണത്താലാണ് വാഹനങ്ങൾ നിർത്താൻ അനുവദിക്കാത്തത് എന്നാണ് വനം വകുപ്പിൽ നിന്നും അറിയിച്ചത്.
ലോക വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനംപിടിച്ച കേരളത്തിലെ പ്രധാന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ചീയപ്പാറ, ഇത് കാണുവാൻ അനുവദിക്കാതെ എന്തുതരം ടൂറിസമാണ് ഇവിടെ നടപ്പിലാക്കുന്നത് എന്നാണ് വിനോദസഞ്ചാരികൾ ചോദിക്കുന്നത്. വരുന്ന മാർച്ച് മാസത്തിൽ കേരളത്തിൽ നടക്കുന്ന ട്രാവൽ മാർട്ടിൽ വിദേശത്തുനിന്നും നോർത്ത് ഇന്ത്യയിൽ നിന്നും ഒരുപാട് ടൂർ ഓപ്പറേറ്റർമാർ ആണ് പങ്കെടുക്കുന്നത്, ഇതിൽ ഒട്ടുമിക്ക ആൾക്കാരും വിസിറ്റ് ചെയ്യുന്ന ഒരു സ്ഥലമാണ് മൂന്നാർ, നിരോധനങ്ങളുടെയല്ല നിയന്ത്രണങ്ങളുടെ ബോർഡുകളാണ് ഇവിടെ സ്ഥാപിക്കേണ്ടത് എന്നാണ് ടൂർ ഓപ്പറേറ്റർമാർ അവകാശപ്പെടുന്നത്.
മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരിടമാണ് ചീയപ്പാറ വാട്ടർഫാൾ, പെട്ടെന്ന് വനംവകുപ്പ് ഇങ്ങനെ ഒരു ബോർഡ് സ്ഥാപിക്കുമ്പോൾ ഇവിടെയെത്തുന്ന സഞ്ചാരികൾ നിരാശയോടെ മാത്രമേ മടങ്ങുകയുള്ളൂ. നിരോധനങ്ങൾ അല്ല നമുക്ക് നിയന്ത്രണങ്ങളാണ് ഇവിടെ നടപ്പിലാക്കേണ്ടത് എന്ന് വെൽക്കയർ ഹോളിഡേയ്‌സ് മാനേജർ ജേക്കബ് ചാണ്ടി ചൂണ്ടിക്കാണിക്കുന്നു.