കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടിയിലെയും ചേലാട് മില്ലുംപടിയിലെയും മാവേലി സൂപ്പർ മാർക്കറ്റുകൾ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നാടിനു സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.1998 മുതൽ വാരപ്പെട്ടിയിൽ പ്രവർത്തിച്ച് വരുന്ന മാവേലി സ്റ്റോർ സപ്ലൈകോ സൂപ്പർ മാർക്കറ്റായി ഉയർത്തുന്നതോട ജനങ്ങൾക്ക് വലിയ ആശ്വാസകരമാകും.പ്രദേശത്തെ ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ കുറഞ്ഞ വിലയ്ക്ക് ലഭിക്കതക്ക വിധത്തിൽ വിപുലമായ സൗകര്യങ്ങളാണ് സൂപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുള്ളത്. ജനങ്ങൾക്ക് സാധനങ്ങൾ യഥേഷ്ടം തെരഞ്ഞെടുക്കുവാൻ കഴിയും.
1300 സ്ക്വയർ ഫീറ്റിൽ വിപുലമായ സൗകര്യത്തോടെ ആണ് ചേലാട് മില്ലുംപടിയിലെ മാവേലി സൂപ്പർ സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നത്. ഇവിടെയും നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ യഥേഷ്ടം തെരെഞ്ഞെടുക്കുവാൻ പൊതുജനങ്ങൾക്ക് സൗകര്യമാകും വിധത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. മില്ലുംപടി മാവേലി സൂപ്പർ സ്റ്റോർ ഫെബ്രുവരി 10 വ്യാഴാഴ്ച 3 മണിക്കും വാരപ്പെട്ടി സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഫെബ്രുവരി 11 വെള്ളിയാഴ്ച 11 മണിക്കും മന്ത്രി ജി ആർ അനിൽ നാടിനു സമർപ്പിക്കുമെന്ന് എം എൽ എ പറഞ്ഞു.