കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആദ്യ ദിനത്തിലേതുപോലെ രണ്ടാം ദിനത്തിലും എം.ജി യുടെ മുന്നേറ്റം. എതിരില്ലാതെ 8 ഗോളുകൾക്കാണ് ചെന്നൈ അമേറ്റ് (amet) യൂണിവേഴ്സിറ്റിയെ എം. ജി. യൂണിവേഴ്സിറ്റി രണ്ടാം ദിനത്തിൽ പരാജയപ്പെടുത്തിയത്. കളി തുടങ്ങി 5ആം മിനിറ്റിൽ തന്നെ എറണാകുളം മഹാരാജാസ് കോളേജിലെ ഹരിശങ്കർ (9) എം. ജി ക്ക് വേണ്ടി ആദ്യ ഗോൾ അടിച്ചു. 18ആം മിനിറ്റിൽ കോതമംഗലം എം. എ. യുടെ മുഹമ്മദ് അജ്സൽ (7)രണ്ടാമത്തെ ഗോൾ നേടി.
20ആം മിനിറ്റിൽ കോട്ടയം ബസേലിയോസ് കോളേജിലെ സഹദ് എസ് എസും(5),23ആം മിനിറ്റിൽ ബസേലിയോസ് ലെ തന്നെ നിതിൻ വിൽസണും (8) വലകുലുക്കി. 26 ആം മിനിറ്റിലും,31ആം മിനിറ്റിലും എറണാകുളം മഹാരാജാസ് കോളേജിന്റെ നിംഷാദ് റോഷൻ (21) ഗോൾ അടിച്ചു വിസ്മയം തീർത്തു. ആദ്യ ദിനത്തിലും നിംഷാദ് രണ്ട് ഗോളുകൾ അടിച്ചിരുന്നു. 49,51 എന്നീ മിനിറ്റുകളിൽ മുവാറ്റുപുഴ നിർമ്മലയുടെ അർജുൻ വി (10)എം. ജി. ക്ക് വേണ്ടി ഗോൾ വല കുലുക്കി.