കോതമംഗലം : ജല വൈദ്യുതോല്‍പ്പാദനത്തില്‍ വന്‍ കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രവര്‍ത്തനം പുരോഗമിക്കുന്ന പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനും പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാനുമുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി, 40 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന മാങ്കുളം ചെറുകിട ജലവൈദ്യുത പദ്ധതിക്ക് ടെൻഡർ വിളിച്ചു. തിങ്കളാഴ്ചയാണ് ടെൻഡർ വിളിച്ചുള്ള അറിയിപ്പ് കെ.എസ്.ഇ.ബി. പുറപ്പെടുവിച്ചത്. ഡാം, പവർ ഹൗസ്, ടണൽ തുടങ്ങിയ സിവിൽ പ്രവൃത്തികൾക്കാണ് ഇപ്പോൾ ടെൻഡർ വിളിച്ചത്. നാലുവർഷമാണ് നിർമ്മാണ കാലാവധി.
20 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കാൻ ഒരുങ്ങുന്നത്. പദ്ധതിയുടെ വിശദവിവരങ്ങൾ ടെൻഡർ നോട്ടീസിലുണ്ട്. ഡിസംബർ 21-ന് ടെൻഡർ അപേക്ഷകൾ തുറന്ന് പരിശോധിക്കും. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷമാണ് മാങ്കുളത്തിന്റെ ഏറ്റവും വലിയ വികസന പദ്ധതി യാഥാർഥ്യമാകാൻ പോകുന്നത്. പദ്ധതിക്ക് ആകെ 80.013 ഹെക്ടർ ഭൂമിയാണ് വേണ്ടത്. ഇതിൽ 72.79 ഹെക്ടർ ഏറ്റെടുത്തു. 300 പേരിൽനിന്നാണ് ഭൂമി വാങ്ങിയത്. ഇനി 7.36 ഹെക്ടർ കൂടി ഏറ്റെടുക്കാനുണ്ട്. ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിന് നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജലവൈദ്യുത പദ്ധതിയും അതിനുവേണ്ട ഡാമും വരുന്നതോടെ മാങ്കുളത്ത് ടൂറിസം രംഗത്ത് വലിയ വികസനം ഉണ്ടാവും.