കോട്ടപ്പടി : കോവിഡ് രണ്ടാം തരത്തിന്റെ കടുത്ത പ്രതിസന്ധിഘട്ടത്തിൽ കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയിയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ പ്രവർത്തനങ്ങൾ ജില്ലയിലാകമാനം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കോതമംഗലത്തെയും പരിസരപ്രദേശങ്ങളിലെയും പല രോഗികളെയും ആശുപത്രിയിൽ എത്തിച്ചതും, രോഗബാധിതരായി കഴിഞ്ഞാൽ അവർ സാധാരണനിലയിലേക്ക് എത്തുന്ന സമയം വരെ അവരുടെ സംരക്ഷണം ഏറ്റെടുത്തതും, വീടുകൾ അണുവിമുക്തമാക്കി നൽകിയതും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇടവകാംഗമായ ഒരാൾ നൽകിയ മാരുതി ഒമ്നി വാനിൽ ആയിരുന്നു രോഗികളെ ആശുപത്രിയിൽ എത്തിച്ചു കൊണ്ടിരുന്നത്. എന്നാൽ കൊവിഡ് രൂക്ഷത കുറഞ്ഞതോടെ സ്വകാര്യ വാഹനങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നു എന്നുപറഞ്ഞ് ആരോ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകി. പരാതി കിട്ടി എന്ന് ഇൻസ്പെക്ടർ അറിയിച്ച സമയം തന്നെ സേവനവും അവസാനിപ്പിച്ചു. എന്നാൽ തോറ്റുകൊടുക്കാൻ കോട്ടപ്പടിയിലെ ഇടവക സമൂഹം തയ്യാറായിരുന്നില്ല.
വളരെ സാധാരണക്കാരായ ഒരുപാടുപേർ സേവനം അവസാനിപ്പിക്കരുത് എന്ന് വികാരി ഫാ. റോബിൻ പടിഞ്ഞാറേകുറ്റിനോടും ടീം അംഗങ്ങളോടും അംഗങ്ങളോടും ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തിലാണ് ഇടവകയ്ക്ക് പുതിയ ഒരു ആംബുലൻസ് വാങ്ങി നൽകിയാൽ കൂടുതൽ മികവുറ്റ സേവനം നൽകാൻ കഴിയുമെന്നും അതിനുള്ള പരിശ്രമങ്ങൾ നടത്താമെന്നും ഇന്ത്യയ്ക്ക് പുറത്ത് ജോലിചെയ്യുന്ന ആളുകളുടെ കൂട്ടായ്മ വാഗ്ദാനം ചെയ്തത്. പ്രവാസികൾക്ക് ഒപ്പം നാട്ടിലെ സുമനസ്സുകൾ കൂടി കൈകോർത്തപ്പോൾ ആംബുലൻസ് എന്ന സ്വപ്നം ഒരാഴ്ച കൊണ്ട് യാഥാർത്ഥ്യമായി. കോതമംഗലം രൂപതയിൽ ആദ്യമായി ആംബുലൻസ് വാങ്ങുന്ന ഇടവകയും കോട്ടപ്പടി സെന്റ്സെബാസ്റ്റ്യൻസ് പള്ളിയാണ് പ്രവാസികൾക്ക് നാടിനോടുള്ള കരുതലിന്റെ വ്യക്തമായ സൂചനയാണ് ഈ ആംബുലൻസ് എന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് ടീമംഗങ്ങൾ പറഞ്ഞു.
നാളിതുവരെ നൽകിവരുന്ന സേവനങ്ങളെല്ലാം അതേ രീതിയിൽ പുനരാരംഭിക്കുമെന്ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളി വികാരി ഫാ. റോബിൻ പടിഞ്ഞാറേകുറ്റ് പറഞ്ഞു. ആംബുലൻസിന്റെ വെഞ്ചിരിപ്പ് കർമ്മം കോതമംഗലം ബിഷപ്പ് ഹൗസിൽ വച്ച് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് നിർവഹിച്ചു. കൂടുതൽ നന്മ ചെയ്യുവാൻ ഈ സംരഭത്തിന് ആകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഇതിനായി മുൻകൈയെടുത്ത പ്രവാസി കൂട്ടായ്മയെയും ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു.