കോതമംഗലം : വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി സംസ്ഥാന തലത്തിൽ തയ്യാറാക്കി വരുന്ന പദ്ധതിയിൽ കോതമംഗലം മണ്ഡലത്തിലെ പ്രശ്ന ബാധിത പ്രദേശങ്ങൾ ഉൾപ്പെടുത്തുമെന്നും കാട്ടാന ശല്യമുൾപ്പെടെയുള്ള വന്യജീവി ശല്യത്തിൽ കൃഷി നാശം സംഭവിച്ചവർക്ക് നഷ്ട പരിഹാരം നല്കുന്നതിനു വേണ്ട ഫണ്ട് ലഭ്യമാക്കുന്നത് സംബന്ധിച്ച ഉറപ്പ് ധനകാര്യ മന്ത്രിയിൽ നിന്നും ലഭിച്ചതായും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് അടിയന്തിരമായി നഷ്ട പരിഹാരം നല്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ആന്റണി ജോൺ എം എൽ എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോതമംഗലം മണ്ഡലത്തിലെ കോട്ടപ്പടി,പിണ്ടിമന, കുട്ടമ്പുഴ,കവളങ്ങാട്,കീരംപാറ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാന അടക്കമുള്ള ഉള്ള വന്യമൃഗശല്യം രൂക്ഷമാവുകയാണ്.നിരന്തരമായ വന്യമൃഗ ശല്യത്തെ തുടർന്ന് കൃഷിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന മേൽ പ്രദേശങ്ങളിലെ കർഷകർ അവരുടെ കൃഷികൾ ഉപേക്ഷിച്ചു പോവുകയാണ്.രാത്രിയോ പകലോ വ്യത്യാസമില്ലാതെ കൂട്ടമായി എത്തുന്ന കാട്ടാനകൾ കൃഷി നാശം വരുത്തുന്നതോടൊപ്പം തന്നെ എണ്ണമറ്റ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുകയാണ്.മുൻ കാലങ്ങളിൽ വനത്തോട് ചേർന്ന ഭാഗങ്ങളിൽ മാതം ഇറങ്ങിയിരുന്ന കാട്ടാന കൂട്ടം ഇപ്പോൾ ജനവാസ മേഖലകളിൽ കൂടി വ്യാപിക്കുകയാണ്.
നിരന്തരമായുള്ള കാട്ടാന ശല്യം മനുഷ്യ ജീവനും ഭീഷണിയാകുകയാണ്.കഴിഞ്ഞ കുറച്ച് വർഷമെടുത്ത് പരിശോധിച്ചാൽ കുട്ടമ്പുഴ പഞ്ചായത്തിൽ മാത്രം മൂന്ന് പേരാണ് കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടത്.സമാന സാഹചര്യം മറ്റു പഞ്ചായത്തുകളിലും നിലനിൽക്കുന്നു.മുൻകാലങ്ങളിൽ വിവിധ തരത്തിലുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ച് വന്നിരുന്നെങ്കിലും അത് വേണ്ടത്ര ഫലപ്രദമാകാത്ത സാഹചര്യമാണുള്ളത്.
ആയതിനാൽ കാട്ടാന അടക്കമുള്ള വന്യജീവി ശല്യം പരിഹരിക്കുന്നതിനായി ആധുനിക രീതിയിലുള്ള പ്രതിരോധ സംവിധാനങ്ങൾ ഓരോ പ്രദേശത്തിന്റേയും പ്രത്യേകതകൾക്കനുസരിച്ച് ഏർപ്പെടുത്തണം.അതോടൊപ്പം വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് നഷ്ട പരിഹാരം ലഭ്യമാക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആന്റണി ജോൺ എം എൽ എ സബ്മിഷനിലൂടെ നിയമസഭയിൽ ആവശ്യപ്പെട്ടു.