കോതമംഗലം: സെക്കന്റ് ഹാന്റ് വാഹനമേഖലയെ തകർക്കുക എന്ന ലക്ഷ്യത്തോടെ ഗതാഗത വകുപ്പിൽ വരുത്തിയിരിക്കുന്ന പുതിയ പരിഷ്ക്കാരങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾസ് ഡീലേഴ്സ് & ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആർ ടി ഒ ഓഫീസുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടികളുടെ ഭാഗമായ് കോതമംഗലം താലൂക്ക് കമ്മറ്റി കോതമംഗലം ആർ ടി ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ആർ സി ഉടമസ്ഥ അവകാശ കൈമാറ്റം സുതാര്യമാക്കുക ,വാഹനങ്ങളുടെ ഇടപാട് നടത്തുന്നവർക്ക് ആർ സി ഓണറുടെ കൺസൻറ് പ്രകാരം ആർ സി ബുക്ക് ലഭിക്കുവാൻ സാഹചര്യം ഒരുക്കുക , മോട്ടോർ വാഹന ക്ഷേമനിധി പുനപരിശോധിക്കുകയും ആയതിന്മേൽ ഏർപ്പെടുത്തിയിരിക്കുന്ന പിഴ പലിശ ഒഴിവാക്കുക , പതിനഞ്ച് വർഷം പഴക്കമുള്ള ടാക്സി ഓട്ടോറിക്ഷകൾക്കുള്ള ഫിറ്റ്നസ് നിരോധനം നിർത്തലാക്കുക , കുത്തകകളെ സഹായിക്കുന്ന സ്ക്രാപിംങ്ങ് പോളിസിയിലെ ജന വിരുദ്ധ നടപടികൾ പിൻവലിക്കുക ,പൊതു ജനത്തെ കൊള്ളയടിക്കുന്ന ഇന്ധന ഇൻഷുറൻസ് മേഖലയിലെ നിരക്ക് വർദ്ധനവ് അവസാനിപ്പിക്കുക , വിശ്വാസ്യത ഇല്ലാത്ത ഓൺലൈൻ വാഹന വ്യാപാരം നിർത്തലാക്കുക , സെക്കന്റ് വാഹനവ്യാപാര മേഖലയെ തൊഴിൽ മേഖലയായി അംഗീകരിക്കുക തുടങ്ങിയ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത് .
കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾസ് ഡീലേഴ്സ് & ബ്രോക്കേഴ്സ് അസോസിയേഷൻ കോതമംഗലം താലൂക്ക് പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായ ഷെബി കമ്മലയിൽ അദ്ധ്യക്ഷത വഹിച്ച ധർണ്ണ സമരത്തിന്റെ ഉദ്ഘാടനം ജില്ലാ കമ്മറ്റി അംഗവും അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം പ്രസിഡന്റുമായ ഷൗക്കത്തലി എം.പി നിർവ്വഹിച്ചു . മുൻ സംസ്ഥാന കൗൺസിൽ അംഗം ഷാജി വടക്കൻ ആശംസകൾ അറിയിച്ചു . മുൻ സെക്രട്ടറി സുബൈർ പി.എം സ്വാഗതവും ട്രഷറർ അനസ് സി.എ നന്ദിയും പറഞ്ഞു . തുടർന്ന് സംഘടനാ ഭാരവാഹികൾ കോതമംഗലം ജോയിന്റ് ആർ ടി ഒ യ്ക്ക് നിവേദനം നൽകി .