കോതമംഗലം; വീട് നിര്‍മ്മിച്ചുനല്‍കാമെന്ന് ഉറപ്പുനല്‍കി ഡീന്‍ കുര്യാക്കോസ് എം.പിയും കോട്ടപ്പടി കോൺഗ്രസ് പ്രാദേശിക നേതൃത്വവും കബളിപ്പിച്ചെന്ന് ദളിത്കുടുംബം.
എം പിയുടെയുടെ പാര്‍ട്ടിക്കാര്‍ തന്നെ നിലവില്‍ താമസിച്ചിരുന്ന വീട് പൊളിച്ചുമാറ്റിയെന്നും ഇപ്പോള്‍ വീട് നിര്‍മ്മിച്ചു നല്‍കില്ലെന്ന് പാര്‍ട്ടി നേതാവ് അറിയിച്ചെന്നുമാണ് പരേതനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തുന്നത്.പരേതനായ പ്ലാമുടി കല്ലുമല കൊറ്റംമ്പിള്ളി കുമാരന്റെ മകള്‍ ഉണ്ണിമായയും കുടുംബാംഗങ്ങളുമാണ് ഇക്കാര്യം ഇന്ന് മാധ്യമങ്ങളുടെ മുമ്പാകെ വ്യക്തമാക്കിയത്.ഇപ്പോള്‍ തങ്ങള്‍ പെരുവഴിയിലെന്നും ഇക്കാര്യത്തില്‍ എം പി ഇടപെട്ട് തീരുമാനമുണ്ടാക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.പിതാവിന്റെ മരണത്തെ തുടര്‍ന്നുള്ള വീട് സന്ദര്‍ശനവേളയിലാണ് എം.പി വീട് നിര്‍മ്മിച്ചുനല്‍കാമെന്ന് ഉറപ്പു നല്‍കിയതെന്നും പിന്നീട് ഇക്കാര്യത്തില്‍ നീക്കമൊന്നും ഉണ്ടായില്ലന്നും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ എം പി തങ്ങളെ കൈയ്യൊഴിഞ്ഞതായി ബോദ്ധ്യപ്പെട്ടു എന്നുമാണ് ഉണ്ണിമായയുടെ വെളിപ്പെടുത്തല്‍.
പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളായ മൈതീനെത്തി,നിലം പൊത്താറായിരുന്ന പഴയ വീട് പൊളിച്ചുമാറ്റിയെന്നും പിന്നീട് സ്ഥാനക്കാരനെ വരുത്തി സ്ഥല നിര്‍ണ്ണയം നടത്തിയെന്നും ഇതിനായി മൈതീനാണ് പണം ചിലവഴിച്ചതെന്നും ഉണ്ണിമായ പറയുന്നു. പാര്‍ട്ടിയിലെ ചില പ്രശ്‌നങ്ങളാണ് വീട് നിര്‍മ്മാണം മുടങ്ങാന്‍ കാരണമെന്നാണ് മൈതീന്‍ ഇക്ക പറഞ്ഞത്. ഇക്കാര്യത്തില്‍ എനിയ്ക്ക് ചെയ്യാനില്ലന്നാണ് ഇക്ക പറയുന്നത്.വീട് നിര്‍മ്മാണം എങ്ങിനെ നടത്തുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ ഞങ്ങള്‍.ആരും സഹായിക്കാനില്ലാത്ത അവസ്ഥയാണ്.ഒരു ഷെഡിലാണ് ഇപ്പോള്‍ താമസിയ്ക്കുന്നത്. ഒരു മഴ വന്നാല്‍ അത് അപ്പാടെ നിലം പതിയ്ക്കും.ഉണ്ണിമായ പറഞ്ഞു.
പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ കൂരയിലാണ് ഇന്ന് ഈ കുടുംബം കഴിയുന്നത്.കുമാരന്റെ ഭാര്യ ചിന്നു കുമാരനും ഉണ്ണിമായയ്ക്കാപ്പമെത്തിയിരുന്നു. റബ്ബര്‍ ടാപ്പിംങ് തൊഴിലാളി ആയിരുന്ന കുമാരന്‍ അര്‍ബുദരോഗബാധിതനായിരുന്നു.ചികത്സയ്ക്കാടെ 9 മാസങ്ങള്‍ക്ക് മുമ്പാണ് മരണമടഞ്ഞത്. കുമാരന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുന്ന കാര്യത്തില്‍ പ്രാദേശീക നേതൃത്വത്തോട് അന്വേഷിയ്ക്കാന്‍ പറഞ്ഞിരുന്നെന്നും അവര്‍ നടത്തിയ അന്വേഷണത്തില്‍ ഭൂമി സംബന്ധിച്ച് ചില തര്‍ക്കങ്ങളും സാങ്കേതികമായി ചില പ്രശ്‌നങ്ങളും നിലനില്‍ക്കുന്നതായി അറിയിച്ചെന്നും ഇത് പരിഹരിയ്ക്കുന്ന മുറയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്നും ഡീന്‍ കുര്യക്കോസ് എം പി പ്രതികരിച്ചു.