നേര്യമംഗലം: വിപണിയിൽ കാൽക്കോടിയിലേറെ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകളുമായി മൂന്നു യുവാക്കളെയാണ് ഇന്നലെ വനപാലകർ അറസ്റ്റ് ചെയ്തത്. അടിമാലിഗ്രാമപഞ്ചായത്തിലെ വാളറ സ്വദേശികളായ സനോജ് (32), സുനിൽ (45), ബിജു(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വാളറ തൊട്ടിയാർ പദ്ധതിപ്രദേശത്തിന് സമീപത്തുനിന്നുമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.ഇവർ സഞ്ചരിച്ചിരുന്ന ഒന്നാം പ്രതി സനോജിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്.
തിരുവന്തപുരം സ്വദേശിയാണെന്ന് വിശ്വസിപ്പിച്ച് ഉദ്യോഗസ്ഥരിലൊരാൾ പിടിയിലായ സിനോജുമായി പരിചയപ്പെടുന്നതോടെയാണ് പ്രതികളെ കുടുക്കുന്നതിനുള്ള നീക്കം ആരംഭിയ്ക്കുന്നത്. ഉദ്യോഗസ്ഥൻ താൻ ആനക്കൊമ്പ് വ്യാപാരിയാണെന്ന് അറിയിക്കുകയും കൊമ്പുകിട്ടാനുള്ള സാധ്യതയെക്കുറിച്ച് ആരായുകയും ചെയ്തതോടെ സിനോജ് കൂട്ടുകാരുമായി ആലോചിച്ച് രണ്ട് കൊമ്പ തങ്ങളുടെ കൈവശം ഉണ്ടെന്നും നല്ല വിലനൽകിയാൽ നൽകാമെന്നും അറിയിക്കുകയായിരുന്നു.
10 ലക്ഷം നൽകാമെന്നുള്ള ഉദ്യഗസ്ഥന്റെ വാഗ്ധാനം ഇവർ തള്ളി.വിലപേശൽ തുടരുകയും 25 ലക്ഷം നൽകിയാൽ കൊമ്പ് നൽകാമെന്ന് പിടിയിലായവർ സമ്മതിയ്ക്കുകയുമായിരുന്നു. തുടർന്ന് വിൽപ്പനക്കായി ആനക്കൊമ്പുമായി എത്തിയപ്പോൾ ഇവരെ ഉടനടി അറസ്റ്റും നടപടിക്രമങ്ങളും പൂർത്തിയാക്കി ആനക്കൊമ്പ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 60 വയസ്സോളം പ്രായമുള്ള ആനയുടേതാണ് കൊമ്പെന്ന് കരുതുന്നു. മണ്ണിൽ തറഞ്ഞുകിടന്നിതിനാൽ കൊമ്പിന്റെ അഗ്രഭാഗത്ത് നിറം മാറ്റം സംഭവിച്ചിട്ടുണ്ടെന്നും അടിമാലി റേഞ്ച് ഓഫീസർ ജോജി ജോൺ വെളിപ്പെടുത്തുന്നു.