കോതമംഗലം: നിരന്തരമുളള കാട്ടാന ശല്യം മൂലം വിറങ്ങലിച്ചിരിക്കുകയാണ് നേര്യമംഗലത്തിനടുത്തുള്ള കാഞ്ഞിരവേലിയെന്ന ഗ്രാമം. ഇവരുടെ ഏക വരുമാനമാർഗമായ കൃഷിയാണ് കാട്ടാനക്കൂട്ടം തിന്ന് നശിപ്പിക്കുന്നത്. കൃഷി നാശം സംഭവിച്ചവർക്ക് നഷടപരിഹാരം ലഭിക്കുന്നില്ലെന്നും വ്യാപക പരാതി. എറണാകുളം-ഇടുക്കി ജില്ലാ അതിർത്തി പങ്കിടുന്ന, വനത്തിനോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് കാഞ്ഞിരവേലി.
വനത്താൽ ചുറ്റപ്പെട്ട ഈ ഗ്രാമം വന്യമൃഗശല്യം മൂലം വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
കൃഷിയാണ് ഈ പ്രദേശത്തുകാരുടെ ഏക വരുമാനം. പൈനാപ്പിൾ, വാഴ, റബർ, കപ്പ, തെങ്ങ് തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. ആന, പന്നി, കുരങ്ങ് തുടങ്ങിയവയാണ് കാർഷിക വിളകൾക്ക് നാശം വരുത്തുന്നത്. കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കാത്തതും പ്രദേശവാസികൾക്ക് ഇരുട്ടടിയായി.
കിഴക്കിനേടത്ത്, കുര്യാക്കോസിൻ്റെ മൂന്നരയേക്കറിലെ കൃഷി ആന നശിപ്പിച്ചിട്ട് 1,45,550 രൂപ നഷ്ടം കണക്കാക്കി കൃഷിഭവൻ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും വനംവകുപ്പ് 7,110 രൂപ മാത്രമാണ് നഷ്ടപരിഹാരമായി അനുവദിച്ചതെന്ന് കുര്യാക്കോസ് പറഞ്ഞു. വന്യമൃഗശല്യവും,സർക്കാർ അനാസ്ഥയും തുടർന്നാൽ കർഷകരെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കാൻ അത് കാരണമാകുമെന്ന് കർഷകർ പറഞ്ഞു.