പല്ലാരിമംഗലം: അതിഥി സംസ്ഥാന വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ പ്രത്യേക പരിശീലന കേന്ദ്രങ്ങൾ തുടങ്ങി. സമഗ്ര ശിക്ഷാ കേരള കോതമംഗലം ബി ആർ സിയുടെ നേതൃത്വത്തിലാണ് കേന്ദ്രങ്ങൾ ആരംഭിച്ചത്. വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുകയാണ് ലക്ഷ്യം. പ്രത്യേക പരിശീലന കേന്ദ്രത്തിന്റെ പല്ലാരിമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു പല്ലാരിമംഗലം ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഷമീന അലിയാർ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണവും ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ പി ജ്യോതിഷ് പദ്ധതി വിശദീകരണവും നടത്തി.
പി റ്റി എ പ്രസിഡന്റ് കെ എം കരീം , പ്രിൻസിപ്പൽ ശ്രീലത വിശ്വനാഥ് , ഹെഡ്മിസ്ട്രസ് ജി പ്രീതി, ട്രെയിനർ എൽദോ പോൾ, ക്ലസ്റ്റർ കോർഡിനേറ്റർ സിനി സി മാത്യു എന്നിവർ സംസാരിച്ചു. പഠനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കുണ്ടാകുന്ന സംശയങ്ങൾക്ക് വ്യക്തത വരുത്തുക, ഭാഷാപരമായ പരിമിതി മറികടന്ന് അവരെ പാഠ ഭാഗങ്ങൾ വ്യക്തമാക്കാൻ സഹായിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തുക. അതിഥി സംസ്ഥാനക്കാർ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിലാണ് പരിശീലന കേന്ദ്രങ്ങൾ തുടങ്ങുന്നത്.