കോതമംഗലം: ഗ്രഹനാഥൻ മരണപ്പെട്ട കുടുബത്തിന് സാമ്പത്തിക സഹായം നൽകി മാതൃകയാകുകയാണ് കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പ്രവാസി കൂട്ടം. അകാലത്തിൽ ഗ്രഹനാഥൻ മരണപെട്ടതിനെ തുടർന്ന് അനാഥമായ കുടുബത്തിന് കൈത്താങ്ങായി മാറികൊണ്ടാണ് പ്രവാസി കൂട്ടായ്മയുടെ സാമ്പത്തിക സഹായമെത്തിയത്. വാരപ്പെട്ടി പഞ്ചായത്തിലുള്ള പ്രവാസികളായവരുടെ കൂട്ടായ്മയിൽ വിവിധ രാജ്യങ്ങളിലെ നൂറിൽപരം പ്രവാസികൾ അംഗങ്ങളാണ്. പ്രവാസിയും അകാലത്തിൽ മരണപ്പെടുകയും ചെയ്ത പെരിഞ്ചേരിയിൽ നാസർ ൻ്റെ കുടുംബത്തിലെ ഭാര്യയും രണ്ട് പെൺ മക്കളും അടങ്ങുന്ന കുടുംബം ദുരിതത്തിലായ അവസ്ഥയിലാണ് പ്രവാസി കൂട്ടത്തിൻ്റെ ഇടപെടൽ.
നാസറിൻ്റെ 2 പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു മറ്റ് ആവശ്യങ്ങൾക്കുമായി ഇവരുടെ പേരിൽ 3 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ വാരപ്പെട്ടി പ്രവാസി കൂട്ടായ്മ ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്യുന്നത്.
വാരപ്പെട്ടി പ്രവാസി കൂട്ടായ്മയുടെ ഉത്ഘാടനവും നാസറിൻ്റെ കുടുബത്തിനുള്ള സാമ്പത്തിക സഹായവിതരണവും അഡ്വ: ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എബി എബ്രഹാം, പഞ്ചായത്ത് അംഗം കെ.ബി. വിനോദ്, മിൽമാ ഡയറക്ടർ ബോർഡ് അംഗം പി.എസ്.നജീബ്, വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം ജി രാമകൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ, കെ സി വി ചെയർമാൻ ഷാജൻ പോൾ, കോതമംഗലം പ്രസ് ക്ലബ്ബ് സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട്, പുന്നേ കോട്ടയിൽ മീതിയൻ ഹാജി ട്രസ്റ്റ് ചെയർമാൻ പി.എസ്.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മുൻ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റും വാരപ്പെട്ടി പ്രവാസി കൂട്ടം കൺവീനറുമായ പി.കെ.അലി കുഞ്ഞ് സ്വാഗതവും അരുൺ എൽദോ പോൾ നന്ദിയും പറഞ്ഞു.