കോതമംഗലം :- അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 പശ്ചാത്തലത്തിൽ അടിവാട് ടൗണിലെ വ്യാപാരികൾക്കും ചുമട്ട് തൊഴിലാളികൾക്കും ഓട്ടോ-ടാക്സി ഡ്രൈവേഴ്സിനും ടൗണിന് സമീപം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ രണ്ടാം ഘട്ട സൗജന്യ ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം സംഘടിപ്പിച്ചു , കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന് അടിവാട് ടൗണിൽ അണുവിമുക്ത ശുചീകരണം നടത്തിയും ആരോഗ്യ വകുപ്പിന്റെ നിർദ്ധേശാനുസരണം പോസിറ്റീവ് രോഗികൾ അധിവസിച്ചിരുന്ന ഭവനങ്ങളും ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ലേബർ ക്യാമ്പുകൾ പരിശീലനം ലഭിച്ച ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കിയും പൊതു സ്ഥലങ്ങളിൽ സാമൂഹീക അകലം പാലിക്കുന്നതിന് ആവശ്യമായ നിർദ്ധേശങ്ങൾ നൽകിയും കണ്ടെയ്ന്റ്മെന്റ് സോണിൽ അധിവസിക്കുന്നവർക്ക് ദേശീയ ദുരന്തനിവാരണ സേനയിൽ പരിശീലനം ലഭിച്ച ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ മരുന്നും നിത്യോപയോഗ സാധനങ്ങൾ വാങ്ങി നൽകിയും മാതൃകാപരമായ പ്രവർത്തനങ്ങളാണ് ക്ലബ്ബ് ഏറ്റെടുത്ത് നടത്തി വരുന്നത് .
പ്രസ്തുത വേദിയിൽ സർക്കാർ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ പ്രസിഡന്റ് കെ.കെ അബ്ദുൽ റഹ്മാനെ പുരസ്ക്കാരം നൽകി ആദരിക്കുകയും ചെയ്തു ,
ശിഷ്ടകാലം ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ സജ്ജീവമാകും എന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കൊണ്ട് നാടിന്റെ സാമൂഹീക സാംസ്ക്കാരിക മേഖലകളിൽ കൂടുതൽ സജ്ജീവമാകുന്നതോടൊപ്പം ക്ലബ്ബിനോടൊപ്പം നിന്നുകൊണ്ട് യുവാക്കളുടെ കായീക ക്ഷമത വർദ്ധിപ്പിക്കുന്നതിനും കലാ-കായീകരംഗത്ത് മികവ് പുലർത്തുന്നവരെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സർവ്വോപരി നാടിന്റെ ഉന്നമനത്തിനും വികസനത്തിനും വേണ്ടി പ്രവർത്തിക്കുമെന്നും ആദരവ് ഏറ്റുവാങ്ങിയ ക്ലബ്ബ് പ്രസിഡൻറ് കെ.കെ അബ്ദുൽ റഹ്മാൻ അഭിപ്രായപ്പെട്ടു .
അടിവാട് ഹീറോ യംഗ്സ് നഗറിൽ സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്ക്കാര വിതരണവും പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.കെ മൊയ്തു നിർവ്വഹിച്ചു . ക്ലബ്ബ് ചീഫ് കോ- ഓഡിനേറ്റർ ഷൗക്കത്തലി എം പി അദ്ധ്യക്ഷത വഹിച്ചു , ജോ: സെക്രട്ടറി ഷിജീബ് സൂപ്പി സ്വാഗതം ആശംസിച്ചു , ട്രഷറർ അനിൽ വർഗ്ഗീസ് നന്ദി പറഞ്ഞു , വൈസ് പ്രസിഡന്റ് സി.എം അഷ്റഫ് , മുൻ സെക്രട്ടറി യു.എച്ച് മുഹിയുദ്ധീൻ , സോഷ്യൽ സർവ്വീസ് ഓർഗനൈസർ അനീഷ് പി.ജി , ക്ലബ്ബ് അംഗങ്ങളായ ജീലാനി പി.എ , സുബൈർ പി.എം , അമീർ ടി.എസ്സ് , മീരാൻ കെ.എം , സനൂപ് എം.എസ്സ് തുടങ്ങിയവർ പ്രതിരോധ മരുന്ന് വിതരണത്തിന് നേതൃത്വം നൽകി