പല്ലാരിമംഗലം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഓഫീസിൽ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ മുസ്ലിംലീഗുകാർ തമ്മിൽ വാക്കേറ്റം. സെക്രട്ടറി വിളിച്ചുചേർത്ത യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറും അടങ്ങുന്ന ഔദ്യോഗിക ഗ്രൂപ്പ് തങ്ങളെ അറിയിച്ചില്ലെന്ന് വിമത വിഭാഗം ആരോപിക്കുകയും ഇതേ തുടർന്ന് ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ സെക്രട്ടറി യോഗം അലങ്കോലപ്പെടുത്തുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് മുൻ സെക്രട്ടറിയുടെ ഷർട്ടിൽ കയറി പിടിക്കുകയു്, പരസ്പരം ചേരിതിരിഞ്ഞ് ആക്രോശിക്കുകയും, അസദ്യം പറയുകയും ചെയ്യുകയായിരുന്നു. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് സെക്രട്ടറി യോഗം അവസാനിപ്പിച്ചു. കാലങ്ങളായി പല്ലാരിമംഗലത്ത് മുസ്ലിംലീഗിൽ നിലനിന്നിരുന്ന വിഭാഗീയത് ഇപ്പോൾ ഈട്ടിപ്പാറ മോഡേൺപടി റോഡിലെ അനധികൃത മണ്ണ്കടത്തുമായി ബന്ധപ്പെട്ട് രൂക്ഷമാകുകയായിരുന്നു. മണ്ണ് കടത്തിനെതിരെ ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ആദ്യം പരാതി കൊടുത്തത്. പിന്നീട് സി പി ഐ എം കൂടി ഈ വിഷയം ഏറ്റെടുത്തതോടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് റോഡിലെ മണ്ണ് മോഷണവുമായി ബന്ധപ്പെട്ട് പോത്താനിക്കാട് പോലീസിൽ പരാതി കൊടുക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, വാർഡ് മെമ്പർ ഷാജിമോൾ റഫീഖ് എന്നിവരെ പ്രതികളാക്കി പോലീസ് കേസുമെടുത്തിട്ടുണ്ട്. ഈവിഷയവുമായി ബന്ധപ്പെട്ട് ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് മണ്ണെടുപ്പ് വിഷയത്തിൽ പരാതിക്കാരനായ ലീഗിന്റെ പഞ്ചായത്ത് സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്നും നീക്കി വിഭത വിഭാഗത്തിലെ തന്നെ മറ്റൊരാളെ സെക്രട്ടറിയാക്കുകയായിരുന്നു. സംസ്ഥാന ജനൽ സെക്രട്ടറി തന്നെ നേരിട്ട് നോമിനേറ്റ് ചെയ്ത പുതിയ ജനറൽ സെക്രട്ടറിയെ അംഗീകരിക്കില്ലെന്നതാണ് ഔദ്യോകിക വിഭാഗത്തിന്റെ നിലപാട്. തെരഞ്ഞെടുപ്പ് പടിവാതിലിലെത്തിയ സാഹചര്യത്തിൽ ലീഗിലെ രൂക്ഷമായ വിഭാഗീയത നേതൃത്വത്തിന് തലവേദനയാകുകയാണ്.