കോതമംഗലം: ഞായറാഴ്ച വി.കുർബ്ബാനയിൽ പങ്കെടുക്കാനെത്തിയ ഗായക സംഘാംഗമായ പെൺക്കുട്ടിക്ക് നേരെ പള്ളിയകത്ത് പരസ്യമായി ട്രസ്റ്റിയുടെ അവഹേളനം. കുളങ്ങാട്ട്കുഴി സെൻറ്.ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച രാവിലെ വി.കുർബ്ബാന ആരംഭിക്കുന്നതിന് മുൻപാണ് സംഭവം.
പള്ളിയിലെ ഗായക സംഘത്തിലെ പെൺകുട്ടിയെയാണ് പള്ളിയിലെ ട്രസ്റ്റിയായ സി.പി വറുഗീസ് പള്ളിയകത്ത് വച്ച് പരസ്യമായി ആക്ഷേപിച്ചത്. ഗായക സംഘത്തിലെ അംഗമായ പെൺകുട്ടി വി.കുർബ്ബാനയിൽ പങ്കെടുത്തപ്പോൾ മൈക്ക് ഉപയോഗിച്ച് ഗീതങ്ങൾ ആലപിച്ചതാണ് ട്രസ്റ്റിയെ പ്രകോപിപ്പിച്ചത്.
പള്ളിയിൽ കോതമംഗലം മേഖലാധിപൻ ഏലിയാസ് മോർ യൂലീയോസ് മെത്രാപ്പോലീത്തയാണ് വി.കുർബ്ബാന അർപ്പിച്ചത്. മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി.കുർബ്ബാന അർപ്പിക്കുന്നത് കൊണ്ട് മാനേജിംഗ് കമ്മിറ്റി അംഗമാണ് ഗായക സംഘത്തിലെ പെൺകുട്ടിയോട് ഗീതങ്ങൾ ആലപിക്കുന്നതിന് ആവശ്യപ്പെട്ടത്. അതു കൊണ്ടാണ് പള്ളിയിലെ മൈക്ക് ഉപയോഗിച്ചതെന്നാണ് ഗായക സംഘാംഗമായ പെൺകുട്ടി വാർത്താ സംഘത്തോട് പറഞ്ഞത്.
എന്നാൽ ഗായക സംഘത്തിന് വിലക്കേർപ്പെടുത്തി കൊണ്ട് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ കല്പന ഉള്ളത് കൊണ്ടാണ് ഗായക സംഘാംഗമായ പെൺകുട്ടിയോട് വി.കുർബ്ബാനയിൽ പാട്ട് ആലപിക്കരുതെന്ന് പറഞ്ഞതെന്നാണ് ട്രസ്റ്റി സി.പി വർഗീസ് കോതമംഗലം വാർത്തയോട് പ്രതികരിച്ചത്.
എന്നാൽ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ കല്പന ഗായക സംഘം പരമാവധി ഒഴിവാക്കുക എന്നതാണെന്നും ഗായക സംഘാംഗമായ പെൺകുട്ടി ഒറ്റക്കാണ് ഗാനങ്ങൾ പാടിയതെന്നും കല്പനയെ വളച്ചൊടിച്ചാണ് ട്രസ്റ്റി പള്ളിയകത്ത് ഏകാധിപതിയെ പോലെ പെരുമാറിയതെന്നാണുമാണ് വി.കുർബ്ബാനയിൽ പങ്കെടുത്തവരുടെ ഭാഷ്യം. സാമൂഹിക അകലം പാലിച്ച് വി.കുർബ്ബാനയിൽ പങ്കാളിയായ പെൺകുട്ടിയെ പള്ളിയിൽ വച്ച് പരസ്യമായി അധിക്ഷേപിച്ചതിൽ ഇടവകാംഗങ്ങൾക്കിടയിലും പ്രതിഷേധം ശക്തമാണ്.
📲 വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ.. Join ..
https://chat.whatsapp.com/DacNR34wLQfKFGwmAko2M3