കൊച്ചി: ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില ക്രമാതീതമായി കുറഞ്ഞിട്ടും അതിന്റെ ഗുണം ഇന്ത്യൻ ജനതയ്ക്ക് ലഭിക്കാതിരിക്കാൻ പെട്രോൾ ലിറ്ററിന് പത്തു രൂപയും ഡീസലിനു പതിമൂന്നു രൂപയും അഡിഷണൽ എക്സൈസ് നികുതി വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടി പുര കത്തുമ്പോൾ വാഴവെട്ടുന്ന കേന്ദ്ര സർക്കാരിന്റെ കടും വെട്ടാണെന്ന് കേരള സ്റ്റേറ്റ് മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപി പറഞ്ഞു. ക്രൂഡ് ഓയിൽ വില അന്താരാഷ്ട വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വിലക്കുറവ് രേഖപ്പെടുത്തിയിട്ടും രാജ്യത്ത് പെട്രോളിയം ഉൽപന്നങ്ങളുടെ വില കുറക്കാത്തതിൽ പ്രതിക്ഷേധിച്ച് എറണാകുളം കലൂർ പോസ്റ്റാഫീസിനു മുന്നിൽ നടന്ന പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മനോജ് ഗോപി.
സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കലൂർ പോസ്റ്റാഫിസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. ഇപ്രകാരം വിലക്കുറവ് ബാധകമാകാതിരിക്കുന്നത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത് ഗതാഗത മേഖലയെ ആണ്. ഈ രംഗം കടുത്ത പ്രതിസന്ധിയിലാണ്. കോവിഡ് ബാധ പ്രതിസന്ധി മോട്ടോർ വാഹന മേഖലയും തൊഴിൽ മേഖലയും തകർന്നിരിക്കുകയാണ്. ഈ മേഖലയിൽ പണിയെടുക്കുന്നവരിൽ ബഹുഭൂരിപക്ഷവും പട്ടിണി ക്കൂലിക്കാരായ തൊഴിലാളികളും സ്വയം തൊഴിൽ കണ്ടെത്തിയവരും ചെറുകിട ഉടമകളുമാണ്.
കോവിഡ് ബാധിച്ചു രണ്ടുമാസത്തോളം പണിചെയ്യാൻ കഴിയാതിരുന്നിട്ടും കേന്ദ്രസർക്കാർ തൊഴിലാളികൾക്ക് അർഹമായ തരത്തിൽ യാതൊരു സഹായവും ചെയ്തില്ല. ഓട്ടോ റിക്ഷകളും ടാക്സികളും ബസുകളും ശരിയായ രീതിയിൽ സർവീസ് നടത്തുന്നതിന് ഇനിയും നാളുകൾ കഴിയും. മോട്ടോർ വാഹന മേഖലയിലെ തൊഴിലാളികളെയും വ്യവസായത്തേയും സംരക്ഷിക്കുന്ന പാക്കേജ് കേന്ദ്രസർക്കാർ നൽകുമെന്ന് പ്രതിക്ഷിച്ചപ്പോൾ ഇരുട്ടടി നൽകിക്കൊണ്ട് ക്രുഡ് ഓയിൽ വിലക്കുറവ് മൂലം സ്വാഭാവികമായി ലഭിക്കേണ്ട പെട്രോൾ, ഡീസൽ വിലക്കുറവ് കേന്ദ്രം നിഷേധിച്ചി രിക്കുന്നത്. ഗതാഗത മേഖലയെ തകർക്കുകയും തൊഴിലാളികളെ കൊടും പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന കേന്ദ്ര നയത്തിനെതിരെ കോവിഡ്കാല നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ആണ് ശക്തമായ പ്രതിഷേധ സമരം എച്ച്.എം.എസ്.നടത്തിയത്.
പെട്രോൾ, ഡീസൽ അഡിഷണൽ എക്സൈസ് തീരുവ വർധിപ്പിച്ചതിനെതിരെ കേരള സ്റ്റേറ്റ് മോട്ടോർ& എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) സംസ്ഥാനത്ത് ആഹ്വാനം ചെയ്തിട്ടുള്ള പ്രതിഷേധ സമരത്തിന്റെ ഭാഗമായിട്ടാണ് എറണാകുളം കലൂർ പോസ്റ്റ് ആഫീസിനു മുന്നിൽ ജില്ലാ കമ്മറ്റി പ്രതിക്ഷേധ സമരം സംഘടിപ്പിച്ചത് .സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപി സമരം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ജോയി മാടശ്ശേരി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.കെ.മോഹനൻ, ജില്ലാ വൈസ് പ്രസിഡന്റ് വാവച്ചൻ തോപ്പിൽ കുടി, തോമസ് മൂക്കന്നൂർ എന്നിവർ പ്രസംഗിച്ചു.