കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരഹിതരായ എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിച്ചത്. അതിന്റെ ഭാഗമായി രൂപം നൽകിയ പട്ടയ മിഷൻ വഴി കാലങ്ങളായുള്ള തടസ്സങ്ങൾ നീക്കി അർഹരായവർക്ക് പട്ടയം അനുവദിക്കാൻ കഴിഞ്ഞു.
കോതമംഗലത്തെ സങ്കീർണമായ പ്രശ്നങ്ങൾ പരിഗണിച്ച് താലൂക്കിൽ ഭൂമി പതിവ് സ്പെഷ്യൽ തഹസിൽദാർ ഓഫീസ് അനുവദിക്കുകയും 17 ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിരുന്നു. അതുവഴി നിരവധി കുടുംബങ്ങളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് പരിഹാരം കാണാനും നമുക്കായി. ചട്ടങ്ങളും നിയമങ്ങളും സാധാരണ ജനങ്ങൾക്ക് ഭൂമി അനുവദിക്കുന്നതിൽ തടസ്സമാകരുത് എന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത് എന്നും മന്ത്രി പറഞ്ഞു.
* കോതമംഗലത്തെ 104 കുടുംബങ്ങൾ കൂടി ഭൂമിയുടെ അവകാശികൾ
കോതമംഗലം താലൂക്കിലെ 104 കുടുംബങ്ങൾക്ക് കൂടി സ്വപ്നസാഫല്യം. ഭൂമിയുടെ അവകാശികളായി മാറാനുള്ള പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ അവർക്ക് പട്ടയം ലഭിച്ചു. ചട്ടങ്ങളും നിയമ പ്രശ്നങ്ങളും വനം വകുപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങളും എല്ലാം പരിഹരിച്ചാണ് കുട്ടമ്പുഴ വില്ലേജിലെ കല്ലേലിമേട്, മണികണ്ഠൻചാൽ പ്രദേശത്തെ 69 കുടിയേറ്റ കർഷക കുടുംബങ്ങൾക്ക് ഇന്ന് പട്ടയം അനുവദിച്ചത്. കോതമംഗലം സ്പെഷ്യൽ തഹസിൽദാർ ഭൂമി പതിവ് കാര്യാലയത്തിന്റെ പ്രവർത്തന ഫലമായാണ് ആദ്യഘട്ടത്തിൽ ഇത്രയും പട്ടയങ്ങൾ ലഭ്യമാക്കിയത്. ഇതിന് പുറമേ കോതമംഗലം താലൂക്ക് ഓഫീസിൽ തയ്യാറാക്കിയ 35 പട്ടയങ്ങളുമാണ് ഇന്ന് വിതരണം ചെയ്തത്.
ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി പട്ടയങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് മുഖ്യാതിഥിയായി. ജില്ലാ കളക്ടർ ജി. പ്രിയങ്ക, കോതമംഗലം നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, എം.പി.ഐ ചെയർമാൻ ഇ.കെ ശിവൻ, സഹകരണ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.കെ ശിവൻ, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു, പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ജയിംസ്, വാർഡ് മെമ്പർമാരായ ഇ.കെ ജോഷി, റോബിൻ സാബു, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ, പി.എം സക്കറിയ, മനോജ് ഗോപി, ബേബി പൗലോസ്, ലാൻഡ് അസൈൻ കമ്മിറ്റി അംഗങ്ങളായ രാമചന്ദ്രൻ, ലിസ്സി സൈമൺ, സാജൻ അമ്പാട്ട്, ശാന്തമ്മ പയസ്, കോതമംഗലം താലൂക്ക് തഹസിൽദാർ എം. അനിൽ കുമാർ, സ്പെഷ്യൽ തഹസിൽദാർ ജി. രശ്മി, എൽ.ആർ തഹസിൽദാർ വി.എസ് മഞ്ജുഷ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു






















































