കോതമംഗലം :ഇനി വേണ്ടത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണെന്നും,അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും,വിദ്യാഭ്യാസം
മൂല്യങ്ങളിലും സംസ്‌കാരത്തിലും അധിഷ്ഠിതമായിരിക്കണ മെന്നും തൊടുപുഴ, നെടിയശാല സെന്റ്. മേരീസ് പള്ളി സഹ വികാരി റവ. ഫാ. ജസ്റ്റിൻ ചേറ്റൂർ. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഐ ക്യു എ സി യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാര്‍ഥികള്‍ അച്ചടക്കമുള്ള ക്യാംപസുകളില്‍വേണം പഠിക്കേണ്ടതും വളരേണ്ടതുമെന്നും, വിദ്യാർത്ഥികളിൽ മൂല്യബോധം,സഹാനുഭൂതി
തുടങ്ങിയ മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിലും സാമൂഹ്യ പ്രതിബദ്ധത ഉറപ്പാക്കുന്ന തരത്തിൽ ദിശാബോധം നൽകുന്ന കാര്യത്തിലും എം. എ. കോളേജ് എന്നും മുന്നിലാണെന്നും,അതിൽ ഒരു പൂർവ വിദ്യാർത്ഥിയെന്ന നിലയിൽ തനിക്ക് ആത്മാഭിമാനമുണ്ടെന്നും ഫാ ജസ്റ്റിൻ പറഞ്ഞു. ഐ ക്യു എ സി കോർഡിനേറ്റർ ഡോ. മിന്നു ജെയിംസ് സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു.
കുട്ടികളുടെ വികാസവും പരിണാമവും കലാലയങ്ങളിൽ നിന്നുമാണ് തുടങ്ങുന്നതെന്നും, അതുകൊണ്ടുതന്നെ ക്യാംപസുകളില്‍ അച്ചടക്കം പ്രചരിപ്പിക്കാനുള്ള ശക്തമായ നീക്കം ഉണ്ടാവണമെന്നും, അതോടൊപ്പം കുടുംബ ബന്ധങ്ങൾക്ക് മൂല്യം നൽകണമെന്നും,കുട്ടികള്‍ ഭാവിയിലെ പൗരന്‍മാരാണെന്നും, അവരെ രാജ്യത്തെയും ഭരണഘടനയെയും ബഹുമാനിക്കാന്‍ പഠിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
