Connect with us

Hi, what are you looking for?

NEWS

വാഹനങ്ങൾക്ക് ഭീഷണിയായി തങ്കളം ബൈപാസിൽ സ്കേറ്റിംഗ് പ്രകടനം.

കോതമംഗലം: ട്രാഫിക് പോലീസിൻ്റെ റോഡു സുരക്ഷാമാനദണ്ഡങ്ങളെ വെല്ലുവിളിച്ചുകൊണ്ട് തങ്കളം ബൈപ്പാസിൽ പതിവാകുന്ന സ്കൂൾ വിദ്യാർത്ഥികളുടെ സ്കേറ്റിംഗ്പരിശീലനം ഗതാഗതത്തിന് വൻ ഭീഷണിയാകുന്നു. സ്വകാര്യ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്കേറ്റിംഗ് മത്സരങ്ങൾക്ക് വേണ്ടിയുള്ള തീവ്ര പരിശീലനമാണ് നടുറോഡിൽ അരങ്ങേറുന്നത്.
പരിശീലകരും മാതാപിതാക്കളും നോക്കി നിൽക്കേ പലയിടങ്ങളിൽ നിന്നായി റോഡിലേക്ക് ചിതറിത്തെന്നി പാഞ്ഞു വരുന്ന വിദ്യാർത്ഥികൾ വാഹനങ്ങൾക്ക് വൻ ഭീഷണിയാണ്. അപകട സാധ്യതയേറെയുള്ളപ്പോഴും നാട്ടുകാരാരും പരാതിപ്പെടാൻ തയ്യാറാകുന്നില്ല. വിവിധ ക്ലബ്ബുകളുടെ പരിശീലകരും മാതാപിതാക്കളും രാവിലെ 7 മുതൽ വിദ്യാർത്ഥികളുമായി പരിശീലനം തുടങ്ങുന്നു. 9 മണി വരെ നീളുന്ന അഭ്യാസപ്രകടനം നാട്ടിലെ റോഡുസുരക്ഷാ നിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ളതാണ്. ഇതിനു പുറമെ യുവാക്കളുടെ ബൈക്ക് അഭ്യാസ പ്രകടനങ്ങൾ വേറെയും.

തങ്കളം -കാക്കനാട് നാലുവരി പാതയിലെ ഇളമ്പ്രവരെ പൂർത്തിയായ റോഡിലാണ് ഈ അഭ്യാസങ്ങൾ അരങ്ങേറുന്നത്. യാത്രികരെ ബോധവൽക്കരിക്കുന്നതിനും നിയമം ലംഘിക്കുന്നവർക്കു പിഴ ചുമത്തുന്നതിനും പോലീസ് അതീവശ്രദ്ധ നൽകുമ്പോൾ തന്നെയാണ് റോഡിലെ വാഹന യാത്ര ദുഷ്ക്കരമാക്കുന്ന ഇത്തരം അഭ്യാസപ്രകടനങ്ങൾ. പ്രഭാതസവാരിക്കും മറ്റു വ്യായാമങ്ങൾക്കുമായി ഒട്ടേറെപ്പേർ അതിരാവിലെ തങ്കളം ബൈപ്പാസിൽ എത്താറുണ്ട് .എന്നാൽ സ്കേറ്റിംഗ് അഭ്യാസങ്ങളുടെ വേഗതയും ഗതിമാറ്റവും വാഹനം ഓടിക്കുന്നവർക്ക് പ്രവചിക്കാനാവുന്നതല്ല. മീഡിയനിലുള്ള ചെടികളും റോഡരികിൽ വളരുന്ന കാടും അപകട സാധ്യത കൂട്ടുന്നു.

You May Also Like