കോതമംഗലം :തങ്കളം- കോഴിപ്പിള്ളി ന്യൂ ബൈപാസ്സിന്റെ ആദ്യ റീച്ചിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. ഒന്നാം പിണറായി സർക്കാരിന്റെ 2019-20 സംസ്ഥാന ബഡ്‌ജറ്റിലാണ് ആദ്യ റീച്ചിന്റെ നിർമ്മാണത്തിനായി 5 കോടി രൂപ അനുവദിച്ചത് . തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെ വരുന്നതാണ് ആദ്യ റീച്ച്.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും കോടതി വ്യവഹാരങ്ങളും പദ്ധതിയ്ക്ക് വലിയ തടസം സ്രഷ്ടിച്ചിരുന്നു. സ്വകാര്യ വ്യക്തികളുടെ ഭൂമിയും കോതമംഗലം നഗര സഭയുടെയും എക് സൈസ് ഓഫീസിന്റെയും ഭൂമിയുമായി ബന്ധപ്പെട്ടുകൊണ്ട് ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതെല്ലാം പരിഹരിച്ച് ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചതിന് ശേഷമാണ് 2019-20 ബഡ്‌ജറ്റിൽ റോഡിന്റെ നിർമ്മാണത്തിന് ആവശ്യമായ തുകയും അനുവദിച്ചത്.ഈ തുക ചിലവഴിച്ചു കൊണ്ടുള്ള നിർമ്മാണ പ്രവർത്തങ്ങളാണ് ഇപ്പോൾ പൂർത്തിയാക്കുന്നത്.
അവസാനഘട്ട പ്രവർത്തികളായ ഫുഡ് പാത്തിന്റെ നിർമ്മാണം, ഇരു സൈഡുകളിലും ഇന്റർലോക്ക് വിരിക്കൽ, ട്രാഫിക് സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കൽ എന്നിവയാണ് നടന്നുവരുന്നത്.നിർമ്മാണ പ്രവർത്തനങ്ങൾ ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും വിലയിരുത്തി.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി, കൗൺസിലർമാരായ കെ എ നൗഷാദ്,കെ വി തോമസ്, മുൻ കൗൺസിലർ പി എ ഫിലിപ്പ്,മെർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം ബി നൗഷാദ്, പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്റോ വി പി, അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ എം എസ്,ഓവർസീയർ നീതു സുരേഷ് എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെയുള്ള രണ്ടാം റീച്ചിലെ 10 കോടി രൂപ ചിലവഴിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.