കോതമംഗലം: ഭൂതത്താന്‍കെട്ടില്‍ റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി.പാമ്പ് പിടുത്തത്തില്‍ വിദഗ്ദാനായ മാര്‍ട്ടിന്‍ മേക്കമാലിയാണ് രാജവെമ്പാലയെ പിടിച്ചത്.പൂന്തോട്ടത്തിലെ ചെടിയുടെ മുകളിലായിരുന്നു രാജവെമ്പാല.സ്റ്റിക്കുകൊണ്ട് പിടികൂടാൻ കഴിയാതെവന്നതോടെ കൈകള്‍കൊണ്ട് സാഹസീകമായാണ് മാര്‍ട്ടിന്‍ മേക്കമാലി രാജവെമ്പാലയെ കീഴടക്കിയത്. പന്ത്രണ്ടടിയോളം നീളവും പത്ത് കിലോയിലേറെ ഭാരവുമുള്ള ഭീമന്‍ രാജവെമ്പാലയാണ് പിടിയിലായത്.ഒരാഴ്ചയായി പാമ്പിനെ പ്രദേശത്ത് കണ്ടിരുന്നു.എന്നാല്‍ പിടിക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല.അനൂകൂലമായ സാഹചര്യം ഒത്തുവന്നതോടെയാണ് വനപാലകരുടെ നിര്‍ദേശപ്രകാരം മാര്‍ട്ടിന്‍ ദൗത്യം ഏറ്റെടുത്തത്.രാജവെമ്പാലയെ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ കൂട്ടിലേക്ക് മാറ്റി സൂക്ഷിച്ചിരിക്കുകയാണ്.ഏതാനും ആഴ്ച നിരീക്ഷിച്ചശേഷം വനത്തില്‍ തുറന്നുവിടാനാണ് തീരുമാനം.
