നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ ഫാം ടൂറിസം നടപ്പിലാക്കും-ബഹു: കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ.


കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ ഫാം ടൂറിസം നടപ്പിലാക്കുവാൻ നടപടി സ്വീകരിച്ചു വരികയാണെന്ന് ബഹു: കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിയമസഭയിൽ അറിയിച്ചു.ഇത് സംബന്ധിച്ച് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമ സഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു: മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌.ധാരാളം ടൂറിസ്റ്റുകൾ എത്തിച്ചേരുന്ന മൂന്നാറിന്റെ കവാടമായ നേര്യമംഗലത്ത് ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന ജില്ലാ കൃഷിതോട്ടത്തിൽ ഏറെ സാധ്യതയുള്ള ഫാം ടൂറിസം വേഗത്തിൽ നടപ്പിലാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ ഫാം ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികൾ ഉൾപ്പെടെയുള്ള പ്രവർത്തികളുടെ രൂപരേഖ തയ്യാറാക്കുന്നതിന് സ്‌റ്റേറ്റ് അഗ്രികൾച്ചർ എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള എഞ്ചിനീയറിങ്ങ് വിങ്ങിനെ പ്രാഥമിക പദ്ധതി നിർദേശങ്ങൾ സമർപ്പിക്കുന്നതിന് നിയോഗിച്ചിട്ടുണ്ടെന്നും പ്രസ്തുത ടീം ഫാം സന്ദർശിച്ച് കരട് നിർദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും ഏകദേശം 50 കോടി രൂപയുടെ നിർദേശങ്ങളാണ് തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.ഫാം ടൂറിസത്തിന്റെ ഭാഗമായി സംയോജിത കൃഷി പ്രാവർത്തികമാക്കുക,വിവിധ വിളകളുടെ പ്രദർശന തോട്ടങ്ങൾ,മൂല്യ വർദ്ധിത ഉല്‌പന്നങ്ങളുടെ ഉല്പാദനവും,വിപണനവും,ഫാമിന്റെ നവീകരണം,സൗന്ദര്യവത്കരണം,തീം പാർക്കുകൾ, റെസ്റ്റോറന്റുകൾ,ക്വാർട്ടേഴ്സുകൾ,കർഷക പഠന കേന്ദ്ര ഗസ്റ്റ് ഹൗസുകൾ,ട്രീ ഹട്ടുകൾ,ചെക്ക്‌ ഡാമുകൾ,അലങ്കാര മത്സൃ ങ്ങളുടെ പ്രദർശനവും വിപണനവും,പെരിയാറിന്റെ സംരക്ഷണ ഭിത്തി കെട്ടി നടപ്പാതയും,ടൂറിസ്റ്റുകളെ ഉദ്ദേശിച്ചുള്ള ആധുനിക കടവുകളുടെ നിർമ്മാണം,ഹൈടെക് നഴ്സറികൾ,പോളി ഹൗസുകളുടെ നിർമ്മാണം,തൈകളുടെ ഉല്‌പാദനം,വിപണനം,ഹൈടെക് കാലിത്തൊഴുത്ത്,ആട്ടിൻകൂട്,മറ്റ് പക്ഷി മൃഗാദികളുടെ ഷെൽറ്ററുകൾ എന്നിവയുടെ നിർമ്മാണവും,പ്രദർശനവും അടക്കമുള്ള ഏകദേശം 50 കോടി രൂപയുടെ പദ്ധതികളാണ് ഫാം ടൂറിസത്തിന്റെ ഭാഗമായി ഇവിടെ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നതെന്നും, പ്രസ്തുത പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ നടപടി സ്വീകരിച്ചു വരുന്നതായും ബഹു: മന്ത്രി ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.

Leave a Reply