“വോട്ടിങ് മെഷീനിൽ വൻ ക്രമക്കേട്” എന്ന രീതിയിൽ ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നവർ മനസ്സിലാക്കുവാൻ ; തിരഞ്ഞടുപ്പ് പ്രക്രിയയിൽ ആദ്യാന്ത്യം പങ്കാളിയായിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു.


കോതമംഗലം : ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ vvpat എന്നിവയെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ അറിയുന്നതിനായി തിരഞ്ഞടുപ്പ് പ്രക്രിയയിൽ ആദ്യാന്ത്യം പങ്കാളിയായിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥൻ തയ്യറാക്കിയ സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയായി. തിരഞ്ഞടുപ്പ് കമ്മീഷൻ വളരെ നേരത്തെ തന്നെ ഇത് പോലെ ലളിതമായ ഭാഷയിൽ ജനങ്ങളെ ബോധവൽക്കരിക്കേണ്ടത് ആയിരുന്നു എന്നതാണ് സോഷ്യൽ മീഡിയയിൽ ചർച്ച. കോതമംഗലം നിവാസിയും ഗ്രാമ വികസന വകുപ്പിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുമായിട്ടുള്ള രാജേഷ് കരഭാഗത്ത് ആണ് ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. രാജേഷ് കരഭാഗത്ത് ന്റെ ഫേസ്ബുക് പോസ്റ്റ് ചുവടെ;

17 ആം ലോക്സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ 20 മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് ഇന്നലെ പൂർത്തിയായി (കളമശ്ശേരിയിലെ ഒരു ബൂത്തിൽ റീപോളിംഗ് ഒഴികെ ) 2 കോടിക്കുമുകളിൽ ആളുകൾ ആണ് താങ്കളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത് . 30 വർഷക്കാലത്തിനിടയിൽ കേരളം കണ്ട ഏറ്റവും മികച്ച പോളിംഗ് എന്നാണ് റിപോർട്ടുകൾ അവകാശപ്പെടുന്നത്. ഈ തിരഞ്ഞെടുപ്പിൽ vvpat കൂടി കമ്മീഷൻ സജ്ജമാക്കിയിരുന്നു തൽഫലമായി വോട്ട് ചെയ്ത 2 കോടിക്ക് മുകളിൽ ഉള്ളവർ തങ്ങൾ വോട്ട് ചെയ്ത സ്ഥാനാർഥിക്ക് തന്നെയാണ് വോട്ട് വീണതെന്ന് കണ്ടു ബോധ്യപ്പെട്ടു എന്നിട്ടും സോഷ്യൽ മീഡിയയിൽ ഒരു ബന്ധവുമില്ലാത്ത പോസ്റ് ചെയ്യുന്നവർ (പോളിംഗ് ഡ്യൂട്ടി അടക്കം ചെയ്തിട്ടുള്ള ഉദ്യോഗസ്ഥർ അടക്കം ) വൻതോതിൽ ആളുകളെ വഴി തെറ്റിക്കുന്നതായി തോന്നിയത് കൊണ്ടും കൂടാതെ ഈ പോസ്റ്റ് ചെയ്യുന്നവർക്ക് പോലും പലകാര്യങ്ങൾക്കും മറുപടി പറയാൻ സാധിക്കാത്തതിനാലും , ഭൂരിപക്ഷം പേർക്കും ഇക്കാര്യത്തിൽ വലിയ ഗ്രാഹ്യമില്ലെന്ന ബോധ്യം വന്നത് കൊണ്ടും , ജനാധിപത്യരാജ്യത്തു ജനങ്ങൾ വിനിയോഗിക്കുന്ന അവരുടെ സമ്മതിദാനാവകാശം അട്ടിമറിക്കുന്നു എന്ന ധാരണ ഈ രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളി വിടുമോ എന്ന ആശങ്കയിൽ നിന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്രോണിക് വോട്ടിംഗ് മെഷീനിൽ ballot setting , counting , polling മുതലായ ജോലികൾ ചെയ്യാൻ ഭാഗ്യം ലഭിച്ച ഒരാൾ എന്ന നിലയിൽ എനിക്കറിയാവുന്ന കാര്യങ്ങൾ പോസ്റ്റ് ചെയ്യേണ്ടത് ആവശ്യമാണെന്ന തോന്നലിൽ നിന്നാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് (ആശങ്ക പറയാറുള്ള പല സുഹൃത്തുക്കളോടും ഇക്കാര്യം പറഞ്ഞു മനസ്സിലാക്കിയിട്ടുള്ളതും അപ്പോൾ അക്കാര്യം അംഗീകരിക്കുന്ന അവർ തൊട്ടടുത്ത ദിവസം സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണവുമായി ഇറങ്ങുന്നതും കാണാൻ സാധിച്ചിട്ടുണ്ട്)

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ള വോട്ടിംഗ് മെഷീൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മൂന്നു മാസത്തിനു മുൻപേ തന്നെ ഓരോ ജില്ലാ കളക്ടറിനും കൈമാറുന്നു ,അതായത് തിരഞ്ഞെടുപ്പിൽ മുന്നണി സംവിധാനത്തിൽ ഏത് പാർട്ടിയാണ് മത്സരിക്കുന്നതെന്നോ സ്ഥാനാർഥിയെയോ തീരുമാനിക്കുന്നതിനും വളരെ മുൻപ് തന്നെ അതാത് ജില്ലാ കളക്ടറുടെ കൈവശം വോട്ടിംഗ് മെഷീൻ ലഭിക്കുന്നു , അതിനു ശേഷമുള്ള വോട്ടിങ് മെഷീന്റെ മുഴുവൻ നീക്കങ്ങളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ കൂടി സാന്നിധ്യത്തിലാണ് എന്നത് മനസ്സിലാക്കണം.

ജില്ലാ കളക്ടറുടെ കൈവശമുള്ള വോട്ടിംഗ് മെഷീനുകൾ രാഷ്ട്രീയ പാർട്ടി പ്രധിനിധികളുടെ സാന്നിധ്യത്തിൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഏതെല്ലാം നിയമസഭാ നിയജക മണ്ഡലത്തിലേക്ക് അയക്കണം എന്നതും കൂടാതെ ഓരോ ബൂത്തിലേക്കും ഏതു നമ്പറിലുള്ള മെഷീൻ അയക്കണം എന്നതും തീരുമാനിക്കുന്നു (ലോട്ടറി നറുക്കെടുപ്പ് പോലെ ഉള്ള സോഫ്റ്റ്‌വെയർ ആണ്ഇതിനു ഉപയോഗിക്കുന്നത് ഓരോ നിമിഷവും വോട്ടിംഗ് മെഷീൻ സീരിയൽ നമ്പറും നിയജകമണ്ഡലവും മാറിക്കൊണ്ടേ ഇരിക്കും , ലോക്ക് ചെയ്യുന്ന സമയം അനുസരിച്ചു ഏതു മണ്ഡലത്തിലേക്ക് ഏത് മെഷീൻ എന്നത് വ്യത്യാസം വരാം ) ഒരു ജില്ലയിലെ മുഴുവൻ നിയോജകമണ്ഡലത്തിലേക്കും വോട്ടിംഗ് മെഷീൻ തീരുമാനിക്കുന്നത് അതാത് ജില്ലാകളക്ടറേറ്റിലാണ് ഉദാഹരണത്തിന് – ചാലക്കുടി , എറണാകുളം , ഇടുക്കി ,കോട്ടയം എന്നീ parlament മണ്ഡലങ്ങളുടെ ഭാഗമായ ഏറണാകുളം ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലേക്കും വോട്ടിംഗ് മെഷീൻ അയക്കുന്നത് എറണാകുളം ജില്ലാ കളക്ടറാണ് . ഈ നടപടികൾ പോളിങ്ങിന് മൂന്നാഴ്ച മുൻപേ പൂർത്തിയാക്കുന്നു.

ഓരോ നിയമസഭാ നിയോജക മണ്ഡലങ്ങളിലും ലഭിക്കുന്ന വോട്ടിംഗ് മെഷീൻ vvpat എന്നിവ സ്ട്രോങ്ങ് റൂമിൽ പോലീസ് സംരക്ഷണയിൽ സൂക്ഷിക്കുന്നു. cctv കാമറ അടക്കമുള്ള സുരക്ഷാ ക്രമീകരണം വഴി ജില്ലാ കളക്ടറിനും തിരഞെടുപ്പ് കമ്മീഷനും സ്ട്രോങ്ങ് റൂം നിരീക്ഷിക്കാൻ സാധിക്കും.

ഇത്രയും നടപടികൾ പൂർത്തീകരിക്കുന്നത് നോമിനേഷൻ സമർപ്പിക്കേണ്ട തീയതിക്ക് മുൻപാണ് എന്നത് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.

ballot unit ൽ ഒരു സ്ഥാനാർഥിയുടെ സ്ഥാനം നിശ്ചയിക്കുന്നതിന് വ്യക്തമായ ചട്ടം ഉണ്ട് . ദേശീയ പാർട്ടികളുടെ സ്ഥാനാർഥികൾ , സംസ്ഥാന അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾ , സ്വതന്ത്രർ എന്നതാണ് ഏറ്റവും ആദ്യ ക്രമം . ഒന്നിലധികം ദേശീയപാർട്ടികളുടെ സ്ഥാനാർഥികൾ ഉണ്ട് എങ്കിൽ അവരിൽ നിന്നും പ്രാദേശിക ഭാഷയിൽ അവരുടെ പേരിന്റെ അക്ഷരമാല ക്രമത്തിലാണ് സ്ഥാനം നിശ്ചയിക്കുന്നത് അതിനു ശേഷം സംസ്‌ഥാന പാർട്ടികളുടെ സ്ഥാനാർഥികളുടെ അക്ഷരമാല ക്രമം ഏറ്റവും ഒടുവിൽ സ്വതന്ത്ര സ്ഥാനാർഥികളുടെ പേരിന്റെ അക്ഷരമാല ക്രമത്തിലാണ് സ്ഥാനം നിർണയിക്കുന്നത്. ഒരു മണ്ഡലത്തിലുള്ള സ്ഥാനാർഥികളുടെ ലിസ്റ്റ് അന്തിമം ആകുന്നത് തിരഞ്ഞെടുപ്പിന് 15 ദിവസം മാത്രം ഉള്ളപ്പോളാണ് . ഏതെല്ലാം മണ്ഡലത്തിൽ ആരെല്ലാം മത്സരിക്കുന്നു എന്നത് അനുസരിച്ചു സ്ഥാനാർഥി പട്ടികയിൽ അവരുടെ ക്രമം മാറുന്നു എന്നത് പ്രത്യേകം മനസിലാക്കേണ്ട ഒരു കാര്യമാണ്. ഉദാഹരണത്തിന് – ഇടുക്കി നിയോജക മണ്ഡലത്തിൽ “ജോ” എന്ന അക്ഷരത്തിന് മുൻപ് അക്ഷരമാല ക്രമത്തിൽ വരുന്ന മറ്റാരെങ്കിലും ഒരാൾ നാമനിർദേശം നൽകിയിരുന്നു എങ്കിൽ ശ്രീ ജോയിസ് ജോർജിന്റെ സ്ഥാനം 7 മത് ആയി മാറുമായിരുന്നു. അത് പോലെ തന്നെഇടുക്കി മണ്ഡലത്തിലെ bsp സ്ഥാനാർഥിയുടെ പേരിന്റെ അക്ഷരം “ഡീ” എന്നതിന് മുൻപായിരുന്നു എങ്കിൽ ബാലറ്റിൽ ഒന്നാം സ്ഥാനം bsp സ്ഥാനാർഥിക്ക് ലഭിക്കുമായിരുന്നു . ചാലക്കുടി നിയോജക മണ്ഡലത്തിൽ കഴിഞ്ഞ പ്രാവശ്യം സ്വതന്ത്രനായി മത്സരിച്ച സ്ഥാനാർഥിക്ക് ഈ വട്ടം പാര്ടിചിഹ്നം അനുവദിച്ചില്ലായിരുന്നു എങ്കിൽ അദ്ദേത്തിന്റെ സ്ഥാനം ബാലറ്റിൽ രണ്ടു മുന്നണി സ്ഥാനാർഥികളുടെയും, സംസ്ഥാന അംഗീകാരമുള്ള പാർട്ടി സ്ഥാനാർഥികളുടെയും താഴെ ആയി മാറുമായിരുന്നു എന്നതും ഓർക്കണം. വ്യക്തമായി പറഞ്ഞാൽ ഒരു വോട്ടിംഗ് മെഷീനിൽ വരുന്ന സ്ഥാനാർഥിയുടെ സ്ഥാനം ഏതെന്നത് എലെക്ഷന് വെറും 14 ദിവസം ഉള്ളപ്പോൾ മാത്രം നിശ്ചയിക്കപ്പെടുന്ന ഒന്നാണ് . അതിനും ദിവസങ്ങൾക്കു മുന്നേ വോട്ടിംഗ് മെഷീനുകൾ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും മേൽനോട്ടത്തിലാക്കപ്പെടുന്നു.

ഇങ്ങനെ സൂക്ഷിക്കപെടുന്ന മെഷീനുകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും , തിരഞ്ഞെടുപ്പ് നിരീക്ഷകരായിട്ടുള്ള കേന്ദ്ര കേഡറിലെ ഉയർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഒരുകൂട്ടം സർക്കാർ ജീവനക്കാർ ballot പതിക്കുന്നു . (ballot എന്നത് സംസ്ഥാന സർക്കാർ പ്രസിൽ പ്രിന്റ് ചെയ്ത ഒരു പേപ്പർ മാത്രമാണ് അല്ലാതെ മറ്റൊന്നും അതിൽ ഇല്ല) കമ്പ്യൂട്ടർ പോലെയുള്ളയാതൊന്നിനെയും സഹായമില്ലാതെ തികച്ചും മനുഷ്യശേഷിയുപയോഗിച്ചു ചെയ്യുന്ന പ്രക്രിയയാണ് ഇത് . വ്യക്തമായി പറഞ്ഞാൽ ജില്ലാതലത്തിൽ വരുന്നതിനു ശേഷം ഒരു വോട്ടിംഗ് മെഷീൻ യൂണിറ്റുകളും കമ്പ്യൂട്ടർ പോലെയുള്ള മറ്റൊരു ഉപകരണവുമായി ബന്ധെപ്പെടുത്തുന്നില്ല എന്നത് പ്രത്യേകം മനസിലാക്കുക . ballot പതിച്ച ഓരോ മെഷീനുകളും vvpat ആയി കണക്ട് ചെയ്തുകൊണ്ട് എല്ലാ സ്ഥാനാർഥികൾക്കും ഓരോ വോട്ട് വീതം ചെയ്ത് ശരിയായി പ്രവർത്തിക്കുന്നു എന്നത് ഉറപ്പു വരുത്തി വീണ്ടും സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുന്നു.

ഇങ്ങനെ സൂക്ഷിച്ചിരിക്കുന്ന മെഷീനുകൾ തിരഞ്ഞെടുപ്പിന്റെ തലേദിവസം ഓരോ ബൂത്തിലേക്കും നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് നൽകി പോലീസിന്റെ സുരക്ഷയോടു കൂടി തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കുന്ന വാഹനത്തിൽ അതാത് ബൂത്തിൽ എത്തിക്കുന്നു. പോളിംഗ് ദിവസം രാവിലെ സ്ഥാനാർഥിയുടെ ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ 50 വോട്ട് എല്ലാ സ്ഥാനാർഥികൾക്കുമായി (nota ഉൾപ്പെടെ) ചെയ്യുകയും അതിനു ശേഷം വോട്ടിംഗ് മെഷീനിലെ വോട്ടും vvpat ൽ ഉള്ള സ്ലിപ്പുകളും എണ്ണി തിട്ടപ്പെടുത്തി ഏജന്റുമാരെ അടക്കം കാണിച്ചു ബോധ്യപ്പെടുത്തുന്നു . മോക്ക് പോൾ എന്നറിയപ്പെടുന്ന ഈ പ്രോസസ്സിൽ ഓരോരുത്തർക്കും ചെയ്ത അത്രയും വോട്ട് ഓരോ സ്ഥാനാർഥികള്ക്കും ലഭിച്ചു എന്നും അത്രയും എണ്ണം സ്ലിപ്പും ഓരോരുത്തർക്കും ഉണ്ടെന്ന വിവരവും ഏജന്റുമാരെ കാണിച്ചു ബോധ്യപ്പെടുത്തുന്നു . അവർ ബോധ്യപ്പെട്ടതിനു ശേഷം അവരുടെ ഒപ്പ് വാങ്ങിയതിനു ശേഷം മെഷീനിൽ അതുവരെ ചെയ്ത വോട്ടുകൾ മായ്ച്ചു കളഞ്ഞതിനു ശേഷം മെഷീനിൽ ഒരു വോട്ടുപോലും ഇല്ലെന്നും എല്ലാ സ്ഥാനാർഥികള്ക്കും പൂജ്യം വോട്ടുമാണ് എന്നതും കാണിച്ചു നൽകി മെഷീൻ സ്ഥാനാർഥികളുടെ ഏജന്റുമാരുടെ ഒപ്പിട്ട മൂന്നോളം വിവിധ തരത്തിലുള്ള സ്ലിപ്പുകൾ ഉപയോഗിച്ച് സീൽ ചെയ്യുന്നു.

വോട്ടിംഗ് പ്രക്രിയ ആരംഭിച്ചതിന് ശേഷം ഓരോരുത്തർക്കും അവർ വോട്ട് ചെയ്ത സ്ഥാനാർഥിക്ക് തന്നെയാണ് വോട്ട് വീണത് എന്നത് vvpat ലൂടെ കണ്ടു മനസിലാക്കുന്നു. വോട്ടിംഗ് നടപടികൾ എല്ലാം പൂർത്തീകരിച്ച ശേഷം close ബട്ടൺ അമർത്തി മെഷീൻ സീൽ ചെയ്യുന്നു. close ബട്ടൺ ഞെക്കിയ ഒരു മെഷീനിൽ പിന്നീട് വോട്ട് ചെയ്യണം എങ്കിൽ ആദ്യം സീൽ ചെയ്ത മൂന്ന് സ്ലിപ്പുകളും തിരച്ചുപയോഗിക്കാൻ കഴിയാത്ത രീതിയിൽ നശിപ്പിച്ചു കൊണ്ട് മെഷീൻ തുറക്കണം ,ഇങ്ങനെ ചെയ്താൽ കൗണ്ടിംഗ് സമയത്തു ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമായി മനസിലാക്കാൻ സാധിക്കും. കൂടാതെ മെഷീൻ സൂക്ഷിക്കുന്ന ബോക്സും ഏജന്റുമാരുടെ ഒപ്പുള്ള സ്ലിപ് ഉപയോഗിച്ചാണ് സീൽ ചെയ്യുന്നത്. മെഷീൻ സീൽചെയ്ത് സ്രോങ് റൂമിൽ ഏൽപ്പിക്കുന്നു . ഒരു പാർലമെന്റ് മണ്ഡലത്തിന് കീഴിലുള്ള മുഴുവൻ മെഷീനുകളും മുൻകൂട്ടി പരസ്യപ്പെടുത്തിയിട്ടുള്ള കേന്ദ്രീക്രത സ്ട്രോങ്ങ് റൂമിൽ ശക്തമായ പോലീസ് സുരക്ഷയോടുകൂടി കേന്ദ്ര കേഡറിലും സംസ്‌ഥാന കേഡറിലുമുള്ള നിരവധി ഉയർന്ന ഉദ്യോഗസ്ഥരുടെ അകമ്പടിയോടുകൂടി എത്തിക്കുന്നു. മുഴുവൻ മെഷീനുകളും സ്ട്രോങ്ങ് റൂമിൽ എത്തിയ ശേഷം സ്ട്രോങ്ങ് റൂമിന്റെ മുഴുവൻ വാതിലുകളും ജനലുകളും ഏജെന്റ്മാരുടെ ഒപ്പുള്ള സീലോടുകൂടി ലോക്ക് ചെയ്യുന്നു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരവധി ലയർ സുരക്ഷാക്രമീകരണങ്ങളാണ് സ്രോങ് റൂമിനുള്ളത്.വോട്ടെണ്ണുന്ന സമയമാണ് പിന്നെ സ്ട്രോങ്ങ് റൂം തുറക്കുന്നത് അതും ഏജന്റുമാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും സന്നനിധ്യത്തിൽ ആണ്.

ഇതിൽ ഏതു ഘട്ടത്തിലാണ് ക്രമക്കേട് നടത്താൻ സാധിക്കുന്നതെന്ന് “വോട്ടിംഗ് മെഷീൻ ക്രമക്കേടെന്ന്” പറയുന്നവർ ഒന്ന് വ്യക്തമാക്കാമോ ?
vvpat പരിചയപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ എല്ലാ ബൂത്തുകളിലും vvpat പ്രദർശിപ്പിച്ചു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും , ജനങ്ങൾക്കും വോട്ട് ചെയ്യാൻ അവസരം നൽകിയിരുന്നു , എവിടെയെങ്കിലും ക്രമക്കേടെന്ന് ആർക്കെങ്കിലും പറയാൻ സാധിച്ചോ ?
കേരളത്തിലുള്ള 24000 ബൂത്തിലും കൂടി 50 വോട്ട് വീതം 10 ലക്ഷം വോട്ടെങ്കിലും തിരഞ്ഞെടുപ് ദിവസം രാവിലെ ചെയ്ത പരസ്യമായി എണ്ണിയതല്ലേ , ക്രമക്കേടെവിടെയെങ്കിലും ഉണ്ടായിരുന്നോ ?
സാങ്കേതിക പിഴവ് ഉണ്ടായ സ്ഥലത്തു പുതിയ vvpat കൊണ്ട് വന്നു അതിൽ മോക്പോൾ നടത്തിയിട്ടല്ലേ അന്തിമ പോളിലേക്ക് കടന്നത് ? ഏജന്റുമാരുടെ അനുമതി വാങ്ങാതെ എവിടെയെങ്കിലും വോട്ടെടുപ്പ് ആരംഭിച്ചോ ?
രണ്ടു കോടി ജനങ്ങൾ വോട്ട് ചെയ്തപ്പോൾ തെറ്റായിട്ടാണ് വോട്ട് വീണത് എന്ന് പറഞ്ഞത് എത്ര പേര് 10 ൽ താഴെയല്ലേ . അതായത് രണ്ടു കോടി ആളുകൾ കണ്ടു ബോധ്യപ്പെട്ടതാണോ വലുത്, അല്ലയോചിലർ പറയുന്ന പോലെ ചാനലിൽ മുഖം കാണിക്കാൻ വേണ്ടി പറഞ്ഞ 10 പേരെയാണോ നാം വിശ്വസിക്കേണ്ടത്.
വോട്ട് എണ്ണുന്ന അന്ന് ഒരു നിയോജക മണ്ഡലത്തിൽ 5 എണ്ണം വീതം vvpat സ്ലിപ് എണ്ണി മെഷീൻ റിസൾട്ടുമായി താരതമ്യം ചെയ്യുന്നുണ്ട് എന്നത് കൂടി ഓർക്കണം , അതും കൂടി ശരിയായാൽ എങ്കിലും ഈ വ്യാജ പ്രചാരണം നിർത്തുമോ എന്തോ ?
ഇനി ഈ തിരഞ്ഞെടുപ്പിൽ vvpat മായി ബന്ധപ്പെട്ടു വന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ സ്ക്രീൻ ഷോട്ട് ആയതും അല്ലാതെയും കണ്ട ചിലത് പരിശോധിക്കാം (അല്ലെങ്കിൽ അങ്ങിനെയുള്ള കമെന്റിനു മറുപടി പറയാനേ നേരം കാണൂ)

1) തിരുവനന്തപുരത്തു ഒരു ബൂത്തിൽ വോട്ട് വേറെ ആൾക്ക് വീഴുന്നു , അങ്ങിനെ ഒരാൾക്ക് ആക്ഷേപം ഉണ്ടെങ്കിൽ ടെസ്റ്റ് വോട്ട് ചെയ്യാനുള്ള അവസരമുണ്ട് , ടെസ്റ്റ് വോട്ട് ചെയ്തപ്പോൾ ആക്ഷേപം ഉന്നയിച്ചത് തെറ്റാണെന്നു ബോധ്യമായിട്ടല്ലേ കേസ് എടുത്തത് , കേസ് എടുക്കണമോ എന്നതാണ് ഇപ്പോളത്തെ ചർച്ച അങ്ങിനെ ഒരു നിബന്ധന ഇല്ലെങ്കിൽ നിരവധി ആളുകൾ വ്യാജ പരാതിയുമായി വരും 1000 വോട്ടുള്ള ഒരു ബൂത്തിൽ 100 പേര് വന്നാൽ തന്നെ ആ ബൂത്തിലെ വോട്ടെടുപ് സുഗമമായി നടത്താൻ സാധിക്കില്ല കൂടാതെ വോട്ടെണ്ണുന്ന ദിവസം വലിയ തർക്കത്തിലേക്കും അത് വഴിവെക്കും .

2 ) കളമശ്ശേരിയിൽ ബൂത്തിൽ 48 കൂടുതൽ വന്നു , വാർത്ത കണ്ടപ്പോൾ തന്നെ മോക്ക് പോൾ ക്ലിയർ ചെയ്യാത്തതായിരിക്കും എന്ന് സംശയം വന്നിരുന്നു , അതാണ് സത്യം എന്ന് ആധികാരികമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ടു , മോക്ക് പോൾ 50 വോട്ടു ചെയ്യണ്ടേ എന്ന ചോദ്യവും കേട്ടു പോളിംഗ് ഡ്യൂട്ടി നന്നായി അറിയാവുന്നവരാണ് അവിടെ ഉള്ളത് എങ്കിൽ (ഏജന്റുമാർ അടക്കം ) ഈയൊരു പ്രശ്നമേ വരില്ലായിരുന്നു . പോളിംഗ് ഡ്യൂട്ടി ചെയ്യുന്നവർ ഓരോ മണിക്കൂറിലോ രണ്ടു മണിക്കൂറിലോ വോട്ടിംഗ് മെഷീനിലെ എണ്ണം കൃത്യമായി പരിശോധിക്കും ,അതിനുള്ള സംവിധാനം മെഷീനിൽ തന്നെ ഉണ്ട് , അത് ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ല എന്നത് ഉറപ്പാണ് എന്തായാലും അവസാനം ഒരുമിച്ചു 48 കൂടാനേ പോകുന്നില്ല ഇടക്ക് എപ്പോൾ എങ്കിലും നോക്കിയിരുന്നു എങ്കിൽ കൃത്യമായി മനസിലാക്കാൻ സാധിക്കുമായിരുന്നു.

3) മെഷീനിൽ വ്യാപകമായ ക്രമക്കേടെന്ന ചില മാധ്യമ വാർത്തകൾ – ‘മെഷീനിൽ വ്യാപകമായ ക്രമക്കേടെന്ന ആക്ഷേപം എന്നോ , പരാതി എന്നോ ആയിരുന്നു വാർത്ത എങ്കിൽ അത് ശരിയായ മാധ്യമ പ്രവർത്തനം എന്ന് പറയാം നേരെ മറിച് ഒരു സ്റ്റേറ്റ്മെന്റ് രൂപത്തിൽ നൽകുന്ന വാർത്ത ലേഖകൻ കണ്ടു മനസ്സിലാക്കിയതായിരിക്കണം അല്ലെങ്കിൽ അധികാര സ്ഥാനത്തുള്ളവർ പറഞ്ഞതായിരിക്കണം , ഇതൊന്നുമല്ലാതെ ആവേശത്തിന് തെറ്റായ സന്ദേശം നൽകിയ മാധ്യമ സ്ഥാപനത്തിന് എതിരെ കെസെടുക്കും എന്ന് കേട്ടത് ശരിയായ നടപടി എന്ന് പറയേണ്ടി വരും.

4 ) ഒരു പാർട്ടിക്ക് തന്നെ എന്ത് കൊണ്ട് എല്ലയ്പോളും വോട്ട് തെറ്റായി പോകുന്നു – അങ്ങിനെ ഉള്ളവർ എല്ലാവാർത്തകളും കാണുന്നില്ല അല്ലെങ്കിൽ തനിക്കിഷ്ടമുള്ള വാർത്തകൾ മാത്രം മുഖവിലക്കെടുക്കുന്നു എന്നത് വ്യക്ത്യമാണ് . പത്തനംതിട്ട ജില്ലയിൽ ഒരു ബൂത്തിൽ മോക്‌പോൾ സമയത്തു വേറെ പാർട്ടിക്കാണല്ലോ വോട്ട് വീണതായി വന്ന റിപ്പോർട്ട് .എറണാകുളം ജില്ലയിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് തന്റെ വോട്ട് bsp യുടെ ചിഹ്നത്തിനാണ് വീണതെന്നും ടെസ്റ്റ് വോട്ട് ചെയ്യാൻ പരാതി നൽകാൻ പറഞ്ഞപ്പോൾ താൻ വോട്ട് ചെയ്തത് തെറ്റി പോയതാകും എന്ന രീതിയൽ പറഞ്ഞ വാർത്തയും ചില ഓൺ ലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

5) പത്തനംതിട്ടയിൽ ഒരു പ്രത്യേക ചിഹ്നത്തിന് വോട്ട് വീഴുന്നില്ലെന്ന പരാതി – പരാതി ഉന്നയിച്ച ആൾക്ക് കേട്ടറിവ് വെച്ചാണ് പറഞ്ഞത് , പറഞ്ഞവരെ അത്ര വിശ്വാസം ഉണ്ട്നെകിൽ ടെസ്റ്റ് വോട്ട് ചെയ്യാമായിരുന്നു .

വോട്ടിംഗ് മെഷീന്റെ പേരിൽ ഉണ്ടയില്ലാ വെടിപൊട്ടിക്കുന്നവർ ഇത് കൂടി മനസ്സിലാക്കൂ.17 ആം ലോക്സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ…

Posted by Rajesh Karabhagath on Wednesday, 24 April 2019

ഒരാൾക്ക് ഇഷ്ടം അല്ലാത്ത പാർട്ടിയോ സ്ഥാനാർഥിയോ വിജയിച്ചു എന്നതിന് വോട്ടിംഗ് മെഷീൻ കുറ്റം പറഞ്ഞിട്ടു കാര്യമില്ല , കൂടുതൽ ജനങ്ങൾ അത് തിരഞ്ഞെടുത്തു എന്നത് ഉൾക്കൊള്ളുക . പ്രചാരണത്തിനുപയോഗിക്കുന്ന പോസ്റ്ററുകളുടെ എണ്ണമോ , പ്രവർത്തകരുടെ എണ്ണമോ , സ്വീകരണ സ്ഥലത്തെ ആൾക്കൂട്ടമോ , പ്രവചനങ്ങളോ ഒന്നും അല്ല അന്തിമമായ റിസൾട്ട് അത് ജനങ്ങൾ സ്വന്തം ഇഷ്ടപ്രകാരം രഹസ്യമായി വിനിയോഗിക്കുന്നതാണ് . കൂടെ നടക്കുന്നവർ പോലും ഒരു പക്ഷെ മറ്റു ചില കാരണങ്ങളാൽ വോട്ട് മറിച്ചു ചെയ്തേക്കാം .പരസ്യമായി നൽകുന്ന പിന്തുണ വോട്ട് ചെയ്യുമ്പോൾ ഉണ്ടാകണം എന്നുമില്ല .
ജനങ്ങൾ ആണ് ആത്യന്തികമായി വിധികർത്താക്കൾ “ആര് വീഴണം ആര് വാഴണം” എന്നത് അവർ തീരുമാനിച്ചു , അതുൾക്കൊണ്ടേ പറ്റൂ , അതിനു മാനസികമായി തയ്യാറാകാറുക അല്ലാതെ തിരിമറി എന്നൊക്കെ പറഞ്ഞു ആത്മ രതി ചെയ്യുന്നവർ പൊതുസമൂഹത്തിൽ നാണം കെടുകയേ ഉള്ളു എന്നത് മനസിലാക്കുക.

Leave a Reply