ഹൃദയം പോലെ വെട്ടിപ്പഴം ; പ്രകൃതിയുടെ പരിശുദ്ധി നിറഞ്ഞ സ്വർണ്ണപ്പഴം.


കോതമംഗലം : കാഴ്ച്ചയിൽ കുഞ്ഞൻ പക്ഷേ മധുരത്തിൽ വമ്പൻ അതാണ് വെട്ടിപ്പഴം. പണ്ട് കോതമംഗലം മേഖലയിൽ സുലഭമായി നാട്ടിൻപുറങ്ങളിലും തൊടികളിലും കണ്ടുവന്നിരുന്ന പഴമായിരുന്നു വെട്ടിപ്പഴം. പക്ഷേ റബ്ബർ കൃഷി വ്യപകമായതോടുകൂടി നാട്ടിൻ പുറങ്ങളിലെ ചെറിയ ഫലവൃക്ഷങ്ങൾ നാശോന്മുഖമാവുകയായിരുന്നു. എന്നിരുന്നാലും കുട്ടമ്പുഴ , പാലമറ്റo , നേര്യമംഗലം മേഖലകളിൽ വെട്ടിമരം കായ്ച്ചുനിൽക്കുന്നത് കാണുവാൻ സാധിക്കും. മുൻപ് കാലങ്ങളിൽ മധ്യവേനൽ സ്കൂൾ അവധി സമയത്തു വെട്ടിമരത്തിൽ കയറി പഴം ശേഖരിക്കുന്നത് പലരുടെയും മനസ്സിൽ മായാത്ത ഒരു ഓർമ്മയാണ്.

നിരവധി ചെറുശാഖകളായി വളരുന്ന നിത്യഹരിത സസ്യമാണ് വെട്ടി (ശാസ്ത്രനാമം: Aporosa cardiosperma). മാർച്ച് മാസം ആകുമ്പോൾ പൂവിടുകയും ശാഖകളിൽ ഭഷ്യയോഗ്യമായ ധാരാളം ചെറു ഫലങ്ങൾ പച്ച നിറത്തിൽ ഉണ്ടാകുകയും ചെയ്യുന്നു. മേയ്, ജൂൺ മാസങ്ങളിലാണ് പഴങ്ങൾ ഭക്ഷ്യയോഗ്യമായ പരുവത്തിൽ പാകമാകുന്നത്. പക്ഷികളുടെ ഇഷ്ടഭക്ഷണമാണ് വെട്ടിപ്പഴം. കുരങ്ങന്മാരും , മലയണ്ണാനും വെട്ടിപ്പഴത്തിന്റെ കടുത്ത ആരാധകർകൂടിയാണ്. മധുരവും ചെറുപുളിയുമുള്ള പഴം കഴിച്ചവർ അതിന്റെ രുചി മറക്കുവാൻ സാധിക്കുകയും ഇല്ലാ.

തൃക്കേട്ട നക്ഷത്രക്കാരുടെ നക്ഷത്രവൃക്ഷമാണ് വെട്ടി മരം. വേരുകൾക്ക് ഔഷധ ഗുണമുള്ളതുകൊണ്ടും ചിലർ വീട്ടുതൊടികളിൽ തണൽ മരമായി വെച്ചുപിടിപ്പിക്കുകയും ചെയ്യുന്നുണ്ട്. തട്ടേക്കാട് വനമേഖലയിൽ പക്ഷി നിരീക്ഷണത്തിനായി വരുന്നവരെ വെട്ടിപ്പഴം കുട്ടിക്കാലത്തെ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയ്യുന്നു.

ചെറുമരത്തിൽ പച്ച നിറത്തിൽ കാണപ്പെടുന്ന കായ്കൾ മൂക്കുന്നതോടെ പുറം തൊലി പൊട്ടി മാംസളമായ ഭാഗം പുറത്ത് വരുമെന്നും , ഏതാനും ദിവസം കഴിയുന്നതോടെ പഴങ്ങൾ സുതാര്യമായി ഉള്ളിലുള്ള കായ്കൾ കാണാവുന്ന അവസ്ഥയിലാകുകയും ഈ സമയത്താണ് വെട്ടിപ്പഴത്തിന്റെ അപാരമായ തനത് രുചി അനുഭവപ്പെടുന്നതെന്ന് തട്ടേക്കാട് വനം വകുപ്പിലെ ഉദ്യോഗസ്ഥനായ ഷിബു ദാസ് പറയുന്നു.

പാകമായ പഴങ്ങൾ പൊളിക്കുമ്പോൾ ഉള്ളിൽ ഹൃദയം പോലെ കാണുന്നത് വെട്ടിപ്പഴത്തിന്റെ മാത്രം പ്രത്യേകതയാണ്. വെട്ടിയുടെ പഴക്കാലത്തിൽ ശാഖകളിലാകെ മഞ്ഞ മുത്തു മണികൾ പോലെ പഴങ്ങൾ വിളഞ്ഞുപൊട്ടി നിൽക്കുന്നതു കാണാം.

പഴങ്ങളാൽ നിറഞ്ഞ വെട്ടിച്ചെടി ആരേയും ആകർഷിക്കും. ഒരു പ്രാവശ്യം കഴിച്ചാൽ എന്നും ഓർത്തിരിക്കുവാൻ തക്ക മാന്ത്രിക രുചി പകർന്ന് നല്കുന്ന ചെറു പഴമാണ് വെട്ടിപ്പഴം.

Leave a Reply