തലയെടുപ്പിൽ ആനവണ്ടിയുടെ വടക്കഞ്ചേരി – മൂന്നാർ – പാലക്കാട് സർവ്വീസ്; അഭിമാനത്തോടെ സ്ഥിര യാത്രക്കാരോടൊപ്പം കോതമംഗലം വാർത്തയും.


▪ ഷാനു പൗലോസ്.

കോതമംഗലം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്കായി നടപ്പിൽ വരുത്തിയ സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണ നടപടികളുടെ ഭാഗമായി നിർത്തലാക്കിയ വടക്കഞ്ചേരി – മൂന്നാർ -പാലക്കാട് ബസ് ഇന്ന് മുതൽ വീണ്ടും പഴയ വഴിയിൽ സർവ്വീസ് പുനരാരംഭിച്ചപ്പോൾ സ്ഥിര യാത്രികർക്കൊപ്പം കോതമംഗലം വാർത്തയ്ക്കും സന്തോഷ ദിനം.

മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി സർവ്വീസ് ഈ റൂട്ടിൽ മടങ്ങിയെത്തുന്നത്. മുൻപ് വർഷങ്ങളോളം ടൗൺ ടു ടൗൺ സർവ്വീസായി ഓടിയിരുന്ന ബസ് ഫാസ്റ്റ് പാസഞ്ചർ സർവ്വീസായിട്ടാണ് ഇന്ന് മുതൽ ഓടി തുടങ്ങിയത്. രാവിലെ 6 മണിക്ക് വടക്കഞ്ചേരിയിൽ നിന്ന് സർവ്വീസ് ആരംഭിച്ചപ്പോൾ വടക്കഞ്ചേരി സ്റ്റേഷൻ അധികൃതരും യൂണിയൻ ഭാരവാഹികളും ജീവനക്കാരും കന്നിയാത്രയ്ക്കൊരുങ്ങിയ ബസിനെ സുന്ദരിയാക്കി യാത്രയാക്കുവാൻ എത്തിയിരുന്നു.

രാവിലെ 7ന് തൃശൂർ നിന്നും 9.20ന് കോതമംഗലത്തു നിന്നും പുറപ്പെട്ട് 11.40 മണിയോടെ മൂന്നാർ എത്തി ചേരും. തുടർന്ന് ഉച്ചക്കഴിഞ്ഞ് 2.20ന് മൂന്നാറിൽ നിന്ന് പുറപ്പെടുന്ന ബസ് വൈകിട്ട് 4.50ന് കോതമംഗലത്ത് എത്തും. 7.20ന് തൃശ്ശൂർ നിന്ന് പാലക്കാട്ടേക്ക് പുറപ്പെട്ട് തിരികെ രാത്രി 10.35 മണിയോടെ വടക്കഞ്ചേരിൽ എത്തുന്ന രീതിയിലാണ് പുതിയ സമയ ക്രമീകരണം.

വടക്കഞ്ചേരി മൂന്നാർ ടൗൺ ടു ടൗൺ സർവ്വീസ് കുറച്ച് മാസങ്ങൾക്ക് മുൻപാണ് സാങ്കേതികത്വം ചൂണ്ടിക്കാട്ടി ചില ഇടപെടലുകളിൽ നിർത്തലാക്കിയത്. ഇതോടെ വർഷങ്ങളായി ദൂരസ്ഥലങ്ങളിൽ നിന്ന് ഈ ബസിനെ ആശ്രയിക്കുന്ന സ്ഥിര യാത്രക്കാർ ലക്ഷ്യസ്ഥാനത്തെത്തുവാൻ രണ്ടും മൂന്നും ബസുകൾ മാറി കയറി യാത്ര ചെയ്യേണ്ട സ്ഥിതിയിലായി. പരാതികളുമായി സ്ഥിര യാത്രക്കാർ ഇറങ്ങിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ നടപടികൾ ഉണ്ടായില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഓൺലൈൻ മീഡിയ “കോതമംഗലം വാർത്ത” ബസ് സർവ്വീസ് പുനരാരംഭിക്കുവാൻ വേണ്ട നടപടികളുമായി മുന്നിട്ടിറങ്ങിയ യാത്രക്കാർക്ക് ശക്തമായ പിന്തുണ നൽകി ഒപ്പം ചേർന്നു.

കോതമംഗലം വാർത്താ ടീം അന്നത്തെ കെ.എസ്.ആർ.ടി.സിയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന ടോമിൻ തച്ചങ്കരിയുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിച്ചതോടെ നിജസ്ഥിതി അന്വേഷിച്ച് സർവ്വീസ് വീണ്ടും തുടങ്ങുന്നതിന് വേണ്ടിയുള്ള നടപടികളിൽ കെ.എസ്.ആർ.ടി.സിയുടെ ഉന്നതാധികൃതർ ഇടപെട്ടു.

പാലക്കാട് ഡിസ്ട്രിക് ട്രാൻസ്പോർട്ട് ഓഫീസർ ഉബൈദ് ടി.എയും ഈ സർവ്വീസിന്റെ ആവശ്യം തിരിച്ചറിഞ്ഞതും, ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോയതും നടപടികൾ വേഗത്തിലാക്കുന്നതിന് തുണയായി.

യാത്രക്കാരുടെ ആവശ്യം മനസ്സിലാക്കിയതിന് കെ.എസ്.ആർ.ടി.സി അധികൃതരോടും ഒപ്പം നിന്ന് പിന്തുണ നൽകിയ കോതമംഗലം വാർത്ത ടീമിനോടും ഏറെ നന്ദിയുണ്ടെന്ന് സ്ഥിര യാത്രികരുടെ പ്രതിനിധികളായ ജെൻസൺ ഐ.ജെയും, സൗമ്യ അജിയും പ്രതികരിച്ചു.

Leave a Reply