യാത്രക്കാരുടെ ആവശ്യം ശക്തമായി; കെ.എസ്.ആർ.ടി.സി വടക്കഞ്ചേരി -മൂന്നാർ – പാലക്കാട് സർവ്വീസ് പുനരാരംഭിക്കുന്നു. ഓടി തുടങ്ങുന്നത് 2019 മാർച്ച് 7 മുതൽ.


▪ ഷാനു പൗലോസ്.

കോതമംഗലം: ബസ് സ്ഥിരയാത്രക്കാരുടെ നിരന്തര സമ്മർദ്ധത്തിനൊടുവിൽ അവസാനം കെ.എസ്.ആർ.ടി.സി കീഴടങ്ങി. സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണത്തിന്റെ മറവിൽ നിർത്തലാക്കിയ വടക്കഞ്ചേരി – മൂന്നാർ -പാലക്കാട് ബസ് 2019 മാർച്ച് 7 വ്യാഴാഴ്ച വീണ്ടും പഴയ വഴിയിൽ ഓടി തുടങ്ങും.

നെല്ലറയുടെ നാട്ടിൽ നിന്ന് സുഗന്ധവ്യജ്ഞനങ്ങളുടെ നാട്ടിലേക്ക് മാസങ്ങളുടെ ഇടവേളക്ക് ശേഷം മടങ്ങിയെത്തുമ്പോൾ കെ.എസ്.ആർ.ടി.സി കുറച്ച് കൂടി തലയെടുപ്പോടെയാണ് വരുന്നത്. ടൗൺ ടു ടൗൺ സർവ്വീസിൽ നിന്ന് അടിമുടി മാറി ഫാസ്റ്റ് പാസഞ്ചർ സർവ്വീസായിട്ടാണ് ഇനി മുതൽ പഴയ വഴിയിൽ ഓടിത്തുടങ്ങുന്നത്.

രാവിലെ 6 മണിക്ക് വടക്കഞ്ചേരിയിൽ നിന്ന് തുടങ്ങുന്ന സർവ്വീസ് 7ന് തൃശൂർ നിന്നും 9.20ന് കോതമംഗലത്തു നിന്നും പുറപ്പെട്ട് 11.40 മണിയോടെ മൂന്നാർ എത്തി ചേരുന്ന വിധമാണ് ടൈം ഷെഡ്യൂൾ. ഉച്ചക്കഴിഞ്ഞ് 2.20ന് മൂന്നാറിൽ നിന്ന് പുറപ്പെടുന്ന ബസ് വൈകിട്ട് 4.50ന് കോതമംഗലത്ത് എത്തും. 7.20ന് തൃശ്ശൂർ നിന്ന് പാലക്കാട്ടേക്ക് പുറപ്പെട്ട് തിരികെ രാത്രി 10.35 മണിയോടെ വടക്കഞ്ചേരിൽ എത്തുന്ന രീതിയിലാണ് പുതിയ സമയ ക്രമീകരണം. സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണത്തിന്റെ പേരിൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന വടക്കഞ്ചേരി മൂന്നാർ ടൗൺ ടു ടൗൺ സർവ്വീസ് കുറച്ച് മാസങ്ങൾക്ക് മുൻപാണ് നിർത്തലാക്കിയത്. അതോടെ ദൂരസ്ഥലങ്ങളിൽ നിന്ന് ഈ ബസിനെ ആശ്രയിക്കുന്ന സ്ഥിര യാത്രക്കാർ വലഞ്ഞു. പരാതികളുമായി സ്ഥിര യാത്രക്കാർ ഇറങ്ങിയിട്ടും നടപടി ഉണ്ടായില്ല.

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഓൺലൈൻ മീഡിയ “കോതമംഗലം വാർത്ത” ബസ് സർവ്വീസ് പുനരാരംഭിക്കുവാൻ വേണ്ട നടപടികളുമായി മുന്നിട്ടിറങ്ങിയ യാത്രക്കാർക്ക് ശക്തമായ പിന്തുണ നൽകി. ജീവനക്കാരോടുള്ള വൈരാഗ്യം മൂലം സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണത്തിന്റെ മറവിൽ വടക്കഞ്ചേരി ഡിപ്പോയിലെ സർവ്വീസുകളുടെ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനാണ് ഈ ബസ് സർവ്വീസ് നിർത്തലാക്കുന്നതിന് ചുക്കാൻ പിടിച്ചതെന്ന് കോതമംഗലം വാർത്താ ടീം നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

ഇതോടെ ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് കെ.എസ്.ആർ.ടി.സിയുടെ മാനേജിംഗ് ഡയറക്ടർ ടോമിൻ തച്ചങ്കരിയുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിച്ചതോടെ കെ.എസ്.ആർ.ടി.സിയുടെ ഉന്നതാധികൃതർ ഇടപെട്ടു. ഇതിനിടെ ബസ് സർവ്വീസ് നിർത്തലാക്കുന്നതിന് മുൻകൈ എടുത്ത ഉദ്യോഗസ്ഥനെ വടക്കഞ്ചേരി ഡിപ്പോയിൽ നിന്ന് പാലക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

യാത്രക്കാരുടെ ആവശ്യത്തെ മനസ്സിലാക്കി അനുകൂല നിലപാട് എടുത്ത കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറുടെ 27.2.2019ലെ TR5-000930/2019 നമ്പർ ഉത്തരവ് പ്രകാരമാണ് സർവ്വീസ് ആരംഭിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സിയുടെ പാലക്കാട് ഡിസ്ട്രിക് ട്രാൻസ്പോർട്ട് ഓഫീസർ ഉബൈദ് ടി.എ പറഞ്ഞു. ഇദ്ധേഹമാണ് ബസ് സർവ്വീസ് പുനരാരംഭിക്കുന്നത് കോതമംഗലം വാർത്തയെ അറിയിച്ചത്. നഷ്ടമായി എന്ന് കരുതിയ ബസ് സർവ്വീസ് പുനരാരംഭിക്കുന്നതിൽ ഏറെ ആശ്വാസമുണ്ടെന്ന് സ്ഥിര യാത്രക്കാരുടെ പ്രതിനിധികളായ ജെൻസൺ ഐ.ജെ, സൗമ്യ അജി എന്നിവർ പ്രതികരിച്ചു.

Leave a Reply